
ലക്നൗ: ഭാര്യയുടെ തല അറുത്തെടുത്ത് അതുമായി റോഡിലൂടെ നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുമ്പ് ഉത്തര്‍പ്രദേശിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരിൽ ചിലർ മൊബൈൽ ഫോൺ ക്യാമറകളിൽ പകർത്തിയത് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്. അന്നു തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കൈയിൽ കത്തിയും മറ്റൊരു കൈയിൽ ഭാര്യയുടെ അറുത്തെടുത്ത തലയുമായാണ് ഉത്തര്‍പ്രദേശിലെ ബരാബങ്കി സ്വദേശിയായ അനിൽ എന്നയാൾ റോഡിലൂടെ നടന്നത്. കൽപ്പണിക്കാരനായ ഇയാൾ എട്ട് വർഷം മുമ്പാണ് വിവാഹിതനായത്. എന്നാൽ ചില പ്രശ്നങ്ങള്‍ കാരണം ഭാര്യയുമായി വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. ഇതിനിടെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അവരുടെ അടുത്ത് പോയി ഉപദ്രവിക്കുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. തുടർന്ന് അറുത്തെടുത്ത തലയുമായി ഇയാൾ റോഡിലൂടെ നടന്നു. മറുകൈയിൽ ഭാര്യയുടെ കഴുത്തറുക്കാൻ ഉപയോഗിച്ചിരുന്ന കത്തിയും നീട്ടിപ്പിടിച്ചിരുന്നു. വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവരടക്കം റോഡിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്നവര് നടുക്കുന്ന ഈ കാഴ്ച കണ്ട് സ്തബ്ധരായി. ഇയാളെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്.
സമാനമായ സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബംഗാളിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗൗതം ഗുഛൈത് എന്ന 40 വയസുകാരനാണ് ഭാര്യയുടെ തല അറുത്തെടുത്ത് നാട്ടിലെ ഒരു ബസ് സ്റ്റാൻഡിന് സമീപം എത്തിയത്. ഒരു കൈയിൽ ഭാര്യയുടെ തലയും മറുകൈയിൽ കത്തിയുമായി നിന്ന് ഇയാൾ തനിക്ക് ചുറ്റും കൂടിയ ആളുകളോട് ആക്രോശിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഇത് മൊബൈൽ ക്യാമറകളിൽ ചിത്രീകരിച്ചു. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങളുടെ പേരാലാണ് ഈ കൊലപാതകവുമെന്നാണ് വിവരം. അതേസമയം നേരത്തെ ഒരിക്കൽ ഇയാൾ കൊൽക്കത്ത മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിൽ അകപ്പെട്ടിട്ടുണ്ടെന്നും അന്നു മുതൽ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.
Last Updated Feb 16, 2024, 7:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]