
മാട്ടുപ്പെട്ടി: ഇടുക്കിയിൽ വിദ്യാർത്ഥികളുമായി ജീപ്പിൽ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മൂന്നാർ പള്ളിവാസൽ ആറ്റുകാട് പവർ ഹൗസ് സ്വദേശി എസക്കി രാജനെയാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഈ മാസം ആറിന് മാട്ടുപ്പെട്ടിയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രക്കിടെയാണ് എസക്കി രാജൻ വിദ്യാർത്ഥികളുമായി അപകടകമായ രീതിയിൽ വാഹനമോടിച്ചത്.
നാലു ജീപ്പുകളിലാണ് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളെ സവാരിക്കായി കൊണ്ടുപോയത്. യാത്രയിൽ വിദ്യാർത്ഥികൾ വാഹനത്തിൽ പാട്ടും മേളവുമായി ആഘോഷിക്കുന്നുണ്ടായിരുന്നു. ഇവരെ ഹരം പിടിപ്പിക്കുന്നതിനായി ഡ്രൈവർ വാഹനം അമിത വേഗത്തിലാണ് ഓടിച്ചത്. ഇതിനിടെ തിരക്കേറിയ റോഡിൽ ജീപ്പ് പൊടുന്നനെ ആവർത്തിച്ച് വെട്ടിച്ച് അപകടകരമായ രീതിയിൽ എസക്കി രാജൻ ഓടിക്കുകയായിരുന്നു.
അമിത വേഗത്തിലെത്തിയ അപകടരമായ രീതീയിൽ ജീപ്പ് ഓടിക്കുന്നത് ശ്രദ്ധയിൽപെട്ട വിനോദസഞ്ചാരികളിലൊരാൾ സംഭവത്തിൻറെ ദൃശ്യങ്ങൾ പകർത്തി മോട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് ആർടിഒയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും അയച്ചു കൊടുക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ ഡ്രൈവറെയും വാഹനവും പിടികൂടിയതെന്ന് ദേവികുളം എം.വി.ഐ എൻ.കെ ദീപു പറഞ്ഞു. ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എസകി രാജന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് നിങ്ങുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ കെ.കെ രാജീവ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞയാഴ്ച നടത്തിയ ഓപ്പറേഷൻ സഫാരി എന്ന പേരലുള്ള പരിശോധനയിൽ മറയൂരിലെ മുരുകൻ മല, കാന്തല്ലൂരിലെ ഭ്രമരം പോയിൻറ് തടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ അപകടകരമായി വാഹനം ഓടിച്ചവർക്കെതിരെ നടപടി എടുത്തിരുന്നു.
Last Updated Feb 16, 2024, 6:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]