മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാനിരിക്കെ വിദര്‍ഭ ക്യാപ്റ്റന്‍ കരുണ്‍ നായര്‍ പ്രതീക്ഷയിലാണ്. ടീമിലൊരിടം നേടാനുള്ള പ്രകടനമൊക്കെ അദ്ദേഹം വിജയ് ഹസാരെ ട്രോഫിയില്‍ നടത്തിയിട്ടുമുണ്ട്. ഏഴ് ഇന്നിംഗ്സില്‍ അഞ്ച് സെഞ്ചുറി അടക്കം 752 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചുകൂട്ടിയത്. വിദര്‍ഭയെ നയിക്കുന്ന കരുണ്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രക്കെതിരായ സെമി ഫൈനലില്‍ നാലാമനായി ക്രീസിലിറങ്ങി 44 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.
വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് കരുണ്‍ സംസാരിച്ചിരുന്നു. മലയാളികൂടിയായ കരുണ്‍ പറഞ്ഞതിങ്ങനെ… ”എപ്പോഴും രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് സ്വപ്നം. സ്വപ്നം ഇപ്പോഴും ജീവനോടെയുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ കളിക്കാന്‍ സാധിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. ഇന്ത്യന്‍ ടീമിലെത്തിയാല്‍ ഇതെന്റെ മൂന്നാമത്തെ തിരിച്ചുവരവായിരിക്കും. ഞാന്‍ കളിക്കുന്ന ഓരോ മത്സരത്തിലും റണ്‍സ് കണ്ടെത്താനാണ് ശ്രമിക്കാറ്.” കരുണ്‍ പറഞ്ഞു.
പ്രതീക്ഷയോടെ രണ്ട് മലയാളി താരങ്ങള്‍! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ
അദ്ദേഹം തുടര്‍ന്നു… ”ഞാന്‍ വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല. ഒരു രഹസ്യവുമില്ല. ഇത് വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ഞാന്‍ കരുതുന്നു. ഓരോ ദിവസവും പുതിയ ഒന്നായി എടുക്കുക. ഞാന്‍ കളിക്കുന്ന ഓരോ ഇന്നിംഗ്സിനേയും ബഹുമാനിക്കുന്നു. എന്റെ കരിയര്‍ അവസാനിക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എനിക്ക് വീണ്ടും പൂജ്യത്തില്‍ നിന്ന് ആരംഭിക്കണമെന്ന് ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു.” അതിന്റെ ഫലമായിട്ടാണ് എനിക്ക് ഇങ്ങനെ കളിക്കാന്‍ സാധിക്കുന്നത്.
സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറും കരുണിനെ കുറിച്ച് സംസാരിച്ചിരുന്നു. ടെന്‍ഡുല്‍ക്കര്‍ എക്സിലല്‍ കുറിച്ചിട്ടതിങ്ങനെ… ”ഏഴ് ഇന്നിംഗ്സില്‍ നിന്ന് അഞ്ച് സെഞ്ചുറികളോടെ 752 റണ്‍സ് നേടുകയെന്നത് അസാധാരണം എന്നല്ലാതെ പറയാതെ വയ്യ. ഇത്തരം പ്രകടനങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ല. കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും ഉണ്ടാവുന്നതാണ്. കരുത്തനായി മുന്നോട്ട് പോവൂ, ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കൂ.” സച്ചിന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]