മുംബയ്: അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ഐസിയുവിൽ നിന്ന് മാറ്റി. അദ്ദേഹം വേഗം സുഖപ്പെട്ടുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. മുംബയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സയിലുള്ളത്. അദ്ദേഹത്തെ നടത്തിച്ചതായും സെയ്ഫ് നടക്കുന്നുണ്ടെന്നും ഡോക്ടർമാർ വിവരം നൽകി.
കഴുത്തിലും നട്ടെല്ലിലുമടക്കം ആറ് തവണയാണ് സെയ്ഫിന് അക്രമിയുടെ കുത്തേറ്റത്. ബാന്ദ്ര വെസ്റ്റിലെ തന്റെ ആഡംബര വസതിയിൽ വച്ച് വ്യാഴാഴ്ച പുലർച്ചെ 2.30നാണ് ആക്രമണമുണ്ടായത്. രണ്ടര ഇഞ്ചോളം വരുന്ന ബ്ളേഡാണ് സെയ്ഫിന്റെ മുതുകിൽ കുത്തിയത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വഴിയാണ് കത്തി മാറ്റിയത്. രണ്ട് മില്ലിമീറ്റർ കൂടി ആഴത്തിൽ കുത്തേറ്റിരുന്നെങ്കിൽ സെയ്ഫിന്റെ നില അതീവ ഗുരുതരമായേനെ എന്നാണ് വിവരം.
എന്നാൽ പൊലീസ് പിടിയിലായയാൾ സെയ്ഫിനെ ആക്രമിച്ച കേസിലെ പ്രതിയല്ലെന്ന് പൊലീസ് അറിയിച്ചു. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ഒരാളെ കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലാണ് പൊലീസ് വ്യക്തത വരുത്തിയത്. സെയ്ഫിന്റെ വീട്ടിൽ മരപ്പണിയ്ക്ക് കരാർ എടുത്തയാളും ഇയാളുടെ സഹായിയുമടക്കം രണ്ടുപേരാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇവർക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്നും എങ്ങനെയാണ് കുറ്റകൃത്യം നടത്തിയത് എന്നുമെല്ലാം അന്വേഷണം നടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീടിനെ കുറിച്ച് നന്നായി മനസിലാക്കിയ അക്രമിക്ക് വീട്ടിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമിയുമായി നടന്ന സംഘട്ടനത്തിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. തുടർന്ന് മൂത്ത മകനായ ഇബ്രാഹിം ആണ് ഓട്ടോയിൽ നടനെ ആശുപത്രിയിലെത്തിച്ചത്.