കൊൽക്കത്ത: ഫ്ലൈറ്റിൽ ക്രൂ അംഗങ്ങൾ മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് യാത്രക്കാരൻ. ആറ് മണിക്കൂറോളം വിമാനം വൈകിയതായും റിതം ഭട്ടാചാർജി പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് യാത്രക്കാരൻ പോസ്റ്റിട്ടിരിക്കുന്നത്. ഇതോടെ വലിയ വിമർശനങ്ങളാണ് ഇൻഡിഗോയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. തുടർന്ന് ഇൻഡിഗോ എയർലൈൻ അധികൃതർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
‘ജീവനക്കാരിൽ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അല്ല യാത്രക്കാർ പ്രതീക്ഷിക്കുന്നതെന്ന് അറിയാം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു.’, എന്നാണ് ഇൻഡിഗോ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ജനുവരി ആറിന് കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലാണ് സംഭവം. സർവീസ് ആറ് മണിക്കൂറോളം വൈകിയതോടെ യാത്രക്കാർ ഫ്ലൈറ്റിനുള്ളിൽ അകപ്പെട്ടു. എന്നാൽ, ഇത്രയും സമയം ഫ്ലൈറ്റിനുള്ളിൽ ഇരിക്കേണ്ടി വന്നിട്ടും ചിപ്സും കുക്കീസും മാത്രമാണ് യാത്രക്കാർക്ക് നൽകിയതെന്നും ഭട്ടാചാർജിയുടെ പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ജീവനക്കാരും മോശമായി പെരുമാറി. ഇതോടെയാണ് അദ്ദേഹം പോസ്റ്റിട്ടതും വിവരം പുറത്തറിയുന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറഞ്ഞ ചെലവിൽ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ നൽകുന്ന എയർലൈനാണ് ഇൻഡിഗോ. എന്നാൽ, ഇപ്പോൾ യാത്രാ ചെലവ് കുറക്കുന്നതിനൊപ്പം യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരവും കുറഞ്ഞ് പോകുന്നുവെന്നും, ക്രൂ അംഗങ്ങൾക്ക് യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്ന് വേണ്ടത്ര പരിശീലനം നൽകണമെന്നും ഭട്ടാചാർജി പോസ്റ്റിൽ കുറിച്ചു.