
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വെച്ച് യുവതിയുടെ മൂന്നര പവന് സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഒടുവില്‍ പോലീസ് പിടികൂടി. വെസ്റ്റ്ഹില്‍ കക്കുഴിപ്പാലം പ്രവീണ്‍ നിവാസില്‍ പ്രസൂണ്‍(36) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഈസ്റ്റ്ഹില്‍ ബിലാത്തിക്കുളം ക്ഷേത്രത്തിന് സമീപം വെച്ച് കുട്ടിയെ അംഗന്‍വാടിയിലാക്കി മടങ്ങുകയായിരുന്ന യുവതിയെ പ്രസൂണ്‍ ആക്രമിക്കുകയായിരുന്നു. നടന്ന് വന്നാണ് ഇയാള്‍ മാല പൊട്ടിച്ചെടുത്തത്. യുവതി ബഹളം വെച്ചെങ്കിലും പിടിവലിക്കിടയില്‍ നിലത്ത് വീണുപോയി.
തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടില്‍ ഇയാള്‍ ടൈല്‍സ് ജോലിക്ക് വന്നതായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇന്ന് ഈസ്റ്റ്ഹില്‍ ഭാഗത്തുവെച്ചു തന്നെയാണ് പ്രസൂണിനെ പിടികൂടിയത്. കുറ്റം സമ്മതിച്ച ഇയാള്‍ ബാങ്കിലെ ബാധ്യത തീര്‍ക്കാനാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് മൊഴി നല്കി.
ആഭരണം വിറ്റുകിട്ടിയ തുക ബാങ്കില്‍ അടച്ചതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. നടക്കാവ് എസ്.എച്ച്.ഒ പി.കെ ജിജീഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ പി.എസ് ജയേഷ്, ബാബു പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, ഹരീഷ്, സുജിത്, ബവിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Last Updated Jan 16, 2024, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]