
നിങ്ങൾ ഒരു സ്വിഗ്ഗി ഉപയോക്താവ് ആണോ? ആണെങ്കിൽ, ഈ ഒരു വർഷക്കാലം നിങ്ങൾ എത്ര രൂപയുടെ ഭക്ഷണം സ്വിഗ്ഗിയിലൂടെ വാങ്ങിയിട്ടുണ്ടാകും? 1000, 2000 എന്നൊക്കെയാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, മുംബൈയിൽ ഒരു ഉപയോക്താവ് 2023-ൽ സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 42 ലക്ഷം രൂപയുടെ ഭക്ഷണം! 2023 ‘സ്വിഗ്ഗി റാപ്പ്’ റിപ്പോർട്ടിലൂടെ സ്വിഗ്ഗി തന്നെയാണ് ഈ കണ്ണ് തള്ളുന്ന കണക്ക് പുറത്ത് വിട്ടത്.
ഏതാണ്ട് അര കോടിയോളം രൂപയുടെ ഈ ഓർഡർ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചര്‍ച്ചയായിരിക്കുകയാണ്. 42 ലക്ഷം രൂപയുടെ ഭക്ഷണം എത്ര കലോറി ആയിരിക്കും എന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ ചോദ്യം. മറ്റൊരാൾ രസകരമായി കുറിച്ചത് ഈ സ്വിഗ്ഗി ഉപയോക്താവിനെ തേടി ആദായനികുതി വകുപ്പ് ഇറങ്ങിയിട്ടുണ്ടെന്നാണ്. മുംബൈ വെറും സാമ്പത്തിക തലസ്ഥാനം മാത്രമല്ല, ഇന്ത്യയുടെ ഭക്ഷ്യ തലസ്ഥാനം കൂടിയാണെന്നായിരുന്നു മൂന്നാമത്തെ ആള് അഭിപ്രായപ്പെട്ടത്. 42.3 ലക്ഷം രൂപ ഒരു വർഷം ഭക്ഷണത്തിനായി ഒരു വ്യക്തി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഒരു ദിവസം 11,500 രൂപ ശരാശരി വരുമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു കണക്കപ്പിള്ളയുടെ കണക്ക്.
എന്നാല്‍, ലക്ഷങ്ങളുടെ ഈ ഭക്ഷണം ഒരു വ്യക്തിക്കായി മാത്രം വാങ്ങിയ ഭക്ഷണമായിരിക്കില്ലെന്നും മറിച്ച് ഏതെങ്കിലും സ്ഥാപനത്തിലേക്കോ ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കുമായോ വാങ്ങിയ ഭക്ഷണം ആയിരിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടിൽ ശ്രദ്ധിക്കപ്പെട്ട കാര്യം ഇതുമാത്രമല്ല. 2023-ൽ ഇന്ത്യയിൽ ഓരോ സെക്കൻഡിലും 2.5 ബിരിയാണികൾ ഓർഡർ ചെയ്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റൊരു രസകരമായ കാര്യം ചണ്ഡീഗഢിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിനിടെ ഒരു കുടുംബം 70 പ്ലേറ്റ് ബിരിയാണിയാണ് ഓർഡർ ചെയ്തതെന്നതാണ്. അതേസമയം ഒരു ഹൈദ്രാബാദുകാരന്‍ 2023 ല്‍ 1633 ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്തത്.
Last Updated Dec 16, 2023, 10:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]