
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി- വയനാട് മുള്ളൻകൊല്ലി പഞ്ചായത്ത് അതിർത്തിയിൽ കബനി നദിയോടു ചേർന്നുള്ള കൊളവള്ളി ഗ്രാമത്തെ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നു.
ഇതിനു നടപടികൾ തുടങ്ങിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചു. പ്രകൃതിസുന്ദരമായ കൊളവള്ളിയിൽ മുള്ളൻകൊല്ലി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 35 ഏക്കർ ഭൂമിയുടെ ഭാഗം വിനോദസഞ്ചാര പദ്ധതിക്ക് ഉപയോഗപ്പെടുത്താനാണ് നീക്കം.
പുഴയും വയലും വനവുമുള്ള പ്രദേശമാണ് കൊളവള്ളി. ടൂറിസം വികസനത്തിന് ഇവിടെ വലിയ സാധ്യതകളുണ്ടെന്ന് സ്ഥലം സന്ദർശിച്ച ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ്, മാനേജർ പി.പി.പ്രവീൺ, നിർവാഹക സമിതി അംഗം പി.വി.സഹദേവൻ, വി.ജെ.ഷിജു, ബൈജു തോമസ് എന്നിവർ പറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, മെംബർ ഷിനു കച്ചിറയിൽ, ടി.കെ.ശിവൻ എന്നിവർ ഡി.ടി.പി.സി സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
ദേശാടനക്കിളികളും കാട്ടാനകളടക്കം ജീവികളും എത്തുന്നതാണ് കബനി തീരം. കൊളവള്ളിയിൽ നിരീക്ഷണ ഗോപുരം നിർമിച്ചാൽ വനത്തിന്റെയും കബനിയുടെയും ചാരുത ആസ്വദിക്കാനാവും. സഞ്ചാരികളുടെ താമസത്തിനുള്ള കോട്ടേജുകൾ, ഡോർമിറ്ററി, പഠന ക്യാമ്പ് എന്നിവയ്ക്കു ഉപയോഗപ്പെടുത്താവുന്നതാണ് പ്രദേശം.
നാട്ടുകാരുടെയും ഗോത്ര ജനതയുടെയും ജീവിത പുരോഗതിക്ക് ഉതകുന്നതും പ്രകൃതി സൗഹൃദവുമായ പദ്ധതികളാണ് കൊളവള്ളിക്കു യോജിച്ചതെന്ന് ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു.