

First Published Dec 15, 2023, 4:22 PM IST
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മഴയ്ക്കൊപ്പം ഡിസംബർ 16,17 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്
കനത്ത മഴ സാധ്യതയെത്തുടർന്ന് നാളെ (16-12-2023) കേരളത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റന്നാള്‍ (17.12.23) പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാലാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പ് കേരളത്തിൽ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ
17.12.2023 മുതൽ 18.12.2023 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17.12.2023 മുതൽ 18.12.2023 വരെ: ലക്ഷദ്വീപ് തീരം അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദ്ദേശം
15.12.2023 മുതൽ 16.12.2023 വരെ: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17.12.2023 മുതൽ 18.12.2023 വരെ: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മുന്നറിയിപ്പുള്ള സമുദ്ര മേഖലയുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക. മേൽപറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Last Updated Dec 15, 2023, 4:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]