കേളകം: രണ്ട് നാടകകലാകാരികളുടെ ജീവൻ അപഹരിച്ച മിനി ബസ് അപകടത്തിന്റെ ഞെട്ടലിലാണ് കേളകം മലയാംപടി നിവാസികൾ. ഏലപ്പീടിക വഴി മലയാംപടി കേളകത്തേക്കുള്ള യാത്രയിലാണ് നാടക സംഘത്തിലെ രണ്ടു ജീവൻ പൊലിഞ്ഞത്. മലയാംപടിയിലെ എസ് വളവിലും തുടർന്നുള്ള റോഡിന്റെ ഇറക്കത്തിലും അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിന് കാരണം ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള യാത്രയാണെന്നാണ് ലഭ്യമായ വിവരം. ഇടുങ്ങിയതും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും മനസിലാക്കാതെ മാപ്പിൽ കണ്ട വഴി തിരഞ്ഞെടുത്തതാണ് അപകടത്തിൽ കലാശിച്ചത്. സാധാരണ നിലയിൽ വലിയ വാഹനങ്ങൾ ഇതുവഴി യാത്ര ചെയ്യാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലത്ത് മണ്ണിടിച്ചിലിനെ തുടർന്ന് നെടുംപൊയിൽ മാനന്തവാടി റോഡിലെ പേര്യ ചുരത്തിൽ യാത്ര നിരോധിച്ചിരിക്കുകയാണ്.
ഇത് അറിയാതെ നീങ്ങിയ നാടകസംഘത്തിന്റെ മിനി ബസ് പേര്യ ചുരത്തിൽ വച്ചാണ് വഴി അടച്ചത് ശ്രദ്ധിച്ചത്. തുടർന്ന് ഗൂഗിൾ മാപ്പിലൂടെ തിരക്കിയപ്പോഴാണ് കൊട്ടിയൂർ ബോയ്സ് ടൗൺ വഴി മാനന്തവാടിയിലേക്ക് പോകാനുള്ള മലയാംപടി റോഡ് കണ്ടത്. കുത്തിയുള്ള ഇറക്കമുള്ള മലയാംപടി എസ് വളവിൽ നിന്നും നിയന്ത്രണം വിട്ട് വാഹനം താഴ്ചയിലേക്ക് വീണ് ഒരു മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു.വലിയ ശബ്ദവും നിലവിളിയും കേട്ട് തൊട്ടുതാഴെ താമസിച്ചിരുന്ന വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത് കണ്ടത്. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്.
അപകടത്തിൽ ബസിന് താഴെ ഒന്നുമുകളിൽ ഒന്നായി അടുങ്ങിക്കിടന്നവരെ നാട്ടുകാരാണ് രക്ഷിച്ചത്. പ്രദേശത്ത് വെളിച്ചമില്ലാതിരുന്നത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയെന്ന് പ്രദേശവാസിയായ വർക്കി പറഞ്ഞു. കൂടുതൽപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇപ്പോഴും സംഭവത്തിന്റെ ഞെട്ടൽ മാറിയിട്ടില്ലെന്നും വർക്കി പറഞ്ഞു.
നാട്ടുകാരുടെ തക്കസമയത്തുള്ള ഇടപെടൽ അപകടത്തിന്റെ തീവ്രത കുറക്കുകയായിരുന്നു.പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ പരിക്കേറ്റവരെ ഏറ്റവും അടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചു.പക്ഷെ ഇതിനിടയിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജലിയും ജെസിയും മരിച്ചിരുന്നു.
ദുരന്തം സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്കുള്ള യാത്രയ്ക്കിടെ
വ്യാഴാഴ്ച പയ്യന്നൂരിലെ കടന്നപ്പള്ളിയിൽ നിന്നും നാടകം കഴിഞ്ഞ ശേഷം വയനാട് ബത്തേരിയിൽ നാടകം അവതരിപ്പിക്കാനായി പോവുകയായിരന്നു സംഘം. പതിനാലിലെ പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.അഞ്ജലിയുടെയും ജെസി മോഹന്റെയും മൃതദേഹങ്ങൾ തലശ്ശേരി ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വീട്ടിൽ എത്തിക്കും. മരിച്ച ഇരുവരും കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ വനിതാമെസ്സ് എന്ന നാടകത്തിലെ പ്രധാന നടിമാരാണ്. ചികിത്സയിൽ കഴിയുന്ന ഡ്രൈവർ ഉമേഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേരത്തെയും അപകടങ്ങൾ
ഇതേയിടത്ത് പാചകവാതകവുമായുള്ള വാഹനവും സ്കൂട്ടർ യാത്രക്കാരും നേരത്തെ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വളവുകളും തിരിവുകളും കുത്തനെയുള്ള ഇറക്കവുമൊക്കെയായി വലിയ അപകടങ്ങളാണ് ഈ പാതയിൽ പതിയിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റോ സുരക്ഷാ വേലിയോ,സിഗ്നൽ ബോർഡുകളോ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.നാട്ടുകാർ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ആരും പരിഗണിച്ചില്ല. ഈ ദുരന്തം കണ്ട പശ്ചാത്തലത്തിലെങ്കിലും അധികാരികൾ കണ്ണുതുറക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.