![](https://newskerala.net/wp-content/uploads/2024/11/pic.1731723505.jpg)
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു വിഭാഗത്തിനെതിരെ വീണ്ടും ഭീഷണികൾ വ്യാപകമാകുന്നെന്ന് പരാതി. ഇസ്കോൺ ഭീകര സംഘടനയാണെന്നും നിരോധിക്കണമെന്നും കാട്ടി ചില തീവ്ര ഗ്രൂപ്പുകൾ രംഗത്തെത്തി.
ഇസ്കോൺ ക്ഷേത്രങ്ങൾ തകർക്കുമെന്നും വിശ്വാസികളെ ആക്രമിക്കുമെന്നുമുള്ള വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിശ്വാസികൾക്കെതിരെ ചില സംഘടനകൾ വധഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്. ബംഗ്ലാദേശ് ഭരണകൂടം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നോബൽ ജേതാവ് മുഹമ്മദ് യൂനുസ് തലവനായുള്ള ഇടക്കാല സർക്കാരിന് മേൽ ഇസ്കോൺ നിരോധിക്കാൻ ചില സംഘടനകൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ബംഗ്ലാദേശ് പൊലീസ് അടുത്തിടെ വാർത്താ സമ്മേളനത്തിനിടെ ഇസ്കോണിനെ ‘തീവ്രവാദ സംഘടന” എന്ന് പരാമർശിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബംഗ്ലാദേശിന്റെ ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’, ‘സോഷ്യലിസം” എന്നിവ നീക്കണമെന്ന് അറ്റോർണി ജനറൽ മുഹമ്മദ് അസാസമൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതും വിവാദമായി.
ആഗസ്റ്റിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ ഹൈന്ദവ സമൂഹത്തിനെതിരെ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ഇസ്കോണിന്റേത് അടക്കം നിരവധി ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു.