![](https://newskerala.net/wp-content/uploads/2024/11/e.1.2999681.jpg)
അസുൻസിയോൺ: ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ പരാഗ്വെ അട്ടിമറിച്ചപ്പോൾ ബ്രസീലിനെ വെനസ്വേല സമനിലയിൽ കുരുക്കി. പരാഗ്വെയുടെ തട്ടകമായ അസുൻസിയോണിൽ നടന്ന മത്സരത്തിൽ ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിൽ ലൗട്ടാരൊ മാർട്ടിനസും ജൂലിയൻ അൽവാരസും മക് അല്ലിസ്റ്രറുമെല്ലാം അണിനിരന്ന അർജന്റീനയ്ക്കെതിരെ ഒരുഗോളിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് (2-1) ആതിഥേയർ ജയിച്ച് കയറിയത്.
11-ാം മിനിട്ടിൽ മാർട്ടിനസിലൂടെ അർജന്റീനയാണ് ആദ്യം ലീഡെടുത്തത്. ലൈൻ റഫറി ഓഫ്സൈഡ് വിധിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം അർജന്റീനയ്ക്ക് ഗോൾ അനുവദിക്കുകയായിരുന്നു. 19-ാം മിനിട്ടിൽ അന്റോണിയോ സനാബ്രി തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ പരാഗ്വെയ്ക്ക് സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ 47-ാം മിനിട്ടിൽ ഒമർ അൽഡെറെറ്റ് പരാഗ്വെയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
തിരിച്ചടിക്കാൻ അർജന്റീന പരമാവധി ശ്രമിച്ചെങ്കിലും പരാഗ്വെ വലകുലുക്കാനായില്ല. പൊസഷനിലും പാസിംഗിലുമെല്ലാം വലിയ ആധിപത്യം അർജന്റീനയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഗോളിലേക്ക് വഴിതുറന്നെടുക്കുന്നതിൽ അവർക്ക് ആ മികവ് തുടരാനായില്ല.
തോറ്റെങ്കിലും 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 11മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള പരാഗ്വെ ആറാം സ്ഥാനത്താണ്. ആദ്യ 6 സ്ഥാനങ്ങളിലുള്ളവരാണ് ലോകകപ്പിന് യോഗ്യത നേടുക. ലോകകപ്പ് യോഗ്യതാപോരാട്ടത്തിൽ ആദ്യമായാണ് പരാഗ്വെ അർജന്റീനയെ തോൽപ്പിക്കുന്നത്.
മറ്റൊരു മത്സരത്തിൽ വെനസ്വേല മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ 1-1നാണ് സമനിലയിൽ തളച്ചത്. 43-ാം മിനിട്ടിൽ റഫീഞ്ഞയിലൂടെ മുന്നിലെത്തിയ ബ്രസീലിനെ 46-ാം മിനിട്ടിൽ ടെലസ്കോ സെഗോവിയ നേടിയ ഗോളിലൂടെയാണ് വെനസ്വേല സമനിലയിൽ പിടിച്ചത്. 89-ാംമിനിട്ടിൽ പ്രതിരോധ താരം അലക്സാണ്ടർ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായാണ് വെനസ്വേല മത്സരം പൂർത്തിയാക്കിയത്. വിനീഷ്വസ് ജൂനിയർ പെനാൽറ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി.
17 പോയിന്റുള്ള ബ്രസീൽ മൂന്നാമതും 12 പോയിന്റുള്ള വെനസ്വേല 7-ാമതുമാ
ണ്.