
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ -ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ വന്‍ സ്കോറിലേക്ക് നീങ്ങുന്നു. തുടക്കം മുതല്‍ ആക്രമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (29 പന്തില്‍ 47) പിന്നീട് കടിഞ്ഞാണേറ്റെടുത്ത ശുഭ്മന്‍ ഗില്ലും (65 പന്തില്‍ 79) മടങ്ങി. ഗില്ലിന് പേശിവേദന കാരണം പിന്മാറേണ്ടി വരികയായിരുന്നു. ഇന്ത്യ ഇരുപത്തഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് കളികളില്‍ ഏഴിലും അര്‍ധ ശതകം നേടിയ വിരാട് കോലി (51 പന്തില്‍ 45 നോട്ടൗട്ട്) മറ്റൊരു അര്‍ധ സെഞ്ചുറിയോടടുക്കുകയാണ്. ശ്രേയസ് അയ്യരാണ് (4 നോട്ടൗട്ട്) കൂട്ട്.
പതിമൂന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 പിന്നിട്ട ഇന്ത്യ ഇരുപതാം ഓവറില്‍ 150 കടന്നു. മൂന്ന് സിക്സറും എട്ട് ബൗണ്ടറിയുമുണ്ട് ഗില്ലിന്റെ ഇന്നിംഗ്സില്‍. വമ്പന്‍ ഷോട്ടുകളുമായി കുതിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒമ്പതാം ഓവറില്‍ ന്യൂസിലാന്റ് പുറത്താക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. നാല് സിക്സറും നാല് ബൗണ്ടറിയുമായി 29 പന്തില്‍ 47 റണ്‍സെടുത്തു. അഞ്ചാം സിക്സറിനുള്ള ശ്രമത്തില്‍ മനോഹരമായി കെയ്ന്‍ വില്യംസന് പിടിച്ചു. അതേ ഓവറില്‍ കോലിക്കെതിരെ ശക്തമായ എല്‍.ബി അപ്പീലുയര്‍ന്നെങ്കിലും റിവ്യൂയില്‍ രക്ഷപ്പെട്ടു. രോഹിത് പുറത്തായതോടെ ഗില്‍ കടിഞ്ഞാണേറ്റെടുത്തു.
രോഹിതിന് ലോകകപ്പുകളില്‍ 50 സിക്സറായി. ക്രിസ് ഗയ്ലിനെ (വെസ്റ്റിന്‍ഡീസ്-48) മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ആദ്യ പത്തോവറില്‍ തന്നെ സ്പിന്നര്‍ മിച്ചല്‍ സാന്റ്നറെ ഇറക്കാന്‍ ന്യൂസിലാന്റ് നിര്‍ബന്ധിതരായി. ഏഴാമത്തെ ഓവര്‍ വരെ എല്ലാ ഓവറിലും ഇന്ത്യ പന്ത് അതിര്‍ത്തി കടത്തി.
വാംഖഡെയിലെ കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ തോല്പിച്ചത് ഗ്ലെന്‍ മാക്സ്വെലിന്റെ അവിശ്വസനീയ ഇന്നിംഗ്സ് മാത്രം കാരണമാണ്.