തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ മഹാരാഷ്ട്ര ഉയർത്തിയ 239 റൺസ് പിന്തുടരുന്ന കേരളം, രണ്ടാം ദിനം മഴമൂലം കളി നേരത്തെ നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്.
നിലവിൽ 204 റൺസ് പിന്നിലുള്ള കേരളത്തിൻ്റെ മുൻനിരയെ തകർത്തത് രണ്ട് വിക്കറ്റെടുത്ത രജനീഷ് ഗുർബാനിയാണ്. ഒരു വിക്കറ്റ് മുൻ കേരള താരം ജലജ് സക്സേനയും സ്വന്തമാക്കി.
സച്ചിൻ ബേബി (0) ആണ് ക്രീസിൽ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷും മൂന്ന് വിക്കറ്റെടുത്ത എൻ പി ബേസിലുമാണ് പിടിച്ചുകെട്ടിയത്.
ഓപ്പണർ അക്ഷയ് ചന്ദ്രൻ (0), ബാബ അപരാജിത് (6), രോഹൻ കുന്നുമ്മൽ (27) എന്നിവരാണ് കേരളത്തിനായി പുറത്തായത്. 21 പന്തുകൾ നേരിട്ട് റണ്ണെടുക്കും മുൻപ് ഗുർബാനിയുടെ പന്തിൽ അക്ഷയ് വിക്കറ്റിന് മുന്നിൽ കുടുങ്ങി.
പിന്നാലെയെത്തിയ അപരാജിത് (6) ഗുർബാനിക്ക് തന്നെ ക്യാച്ച് നൽകി മടങ്ങി. മികച്ച രീതിയിൽ തുടങ്ങിയ രോഹൻ കുന്നുമ്മലിനെ (28 പന്തിൽ 27) ജലജ് സക്സേന എൽബിഡബ്ല്യുവിൽ കുടുക്കി.
ഇതോടെ കേരളം പ്രതിരോധത്തിലായി. മഴ കളി തടസ്സപ്പെടുത്തുമ്പോൾ നിർണായക താരങ്ങളായ സഞ്ജു സാംസൺ, സൽമാൻ നിസാർ, ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ ബാറ്റ് ചെയ്യാനിറങ്ങാനുണ്ട്.
തകർച്ചയിൽ നിന്ന് കരകയറി മഹാരാഷ്ട്ര നേരത്തെ, 18 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്ന മഹാരാഷ്ട്രയെ, റുതുരാജ് ഗെയ്ക്വാദിന്റെ (91) അർധസെഞ്ചുറിയും ജലജ് സക്സേനയുടെ (49) മികച്ച പ്രകടനവുമാണ് കരകയറ്റിയത്. ആദ്യ ദിനം ഏഴിന് 179 എന്ന നിലയിൽ അവസാനിപ്പിച്ച മഹാരാഷ്ട്രയ്ക്ക് രണ്ടാം ദിനം വാലറ്റവും തുണയായി.
മഴമൂലം വൈകിത്തുടങ്ങിയ രണ്ടാം ദിനം വിക്കി ഒസ്ത്വാൾ (38), രാമകൃഷ്ണ ഘോഷ് (31) എന്നിവർ ചേർന്ന് നേടിയ 59 റൺസിൻ്റെ കൂട്ടുകെട്ട് സ്കോർ 239-ൽ എത്തിച്ചു. ഈ കൂട്ടുകെട്ട് പൊളിച്ച് അങ്കിത് ശർമ കേരളത്തിന് ആശ്വാസം നൽകി.
പിന്നാലെ രജനീഷ് ഗുർബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഒസ്ത്വാളിനെ ബേസിൽ പുറത്താക്കിയതോടെ മഹാരാഷ്ട്രയുടെ പോരാട്ടം അവസാനിച്ചു.
മുകേഷ് ചൗധരി (0) പുറത്താവാതെ നിന്നു. പേസർമാരുടെ മിന്നും തുടക്കം മത്സരത്തിൻ്റെ ആദ്യദിനം കേരളത്തിൻ്റെ പേസർമാർ ഗംഭീര തുടക്കമാണ് നൽകിയത്.
സ്കോർ ബോർഡ് തുറക്കും മുൻപേ മഹാരാഷ്ട്രയുടെ ആദ്യ മൂന്ന് വിക്കറ്റുകൾ നിലംപൊത്തി. ആദ്യ ഓവറിൽ എം ഡി നിധീഷ്, പൃഥ്വി ഷായെയും (0) സിദ്ധേഷ് വീറിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി.
തൊട്ടടുത്ത ഓവറിൽ എൻ പി ബേസിൽ അർഷിൻ കുൽക്കർണിയെയും (0) മടക്കിയതോടെ സന്ദർശകർ റണ്ണെടുക്കും മുൻപ് 3 വിക്കറ്റ് എന്ന നിലയിലായി. ക്യാപ്റ്റൻ അങ്കിത് ബാവ്നെയും (0) ബേസിൽ ബൗൾഡാക്കിയതോടെ മഹാരാഷ്ട്ര 5 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
പിന്നീട് സൗരഭ് നവാലെ (12) കൂടി നിധീഷിന് മുന്നിൽ വീണതോടെ മഹാരാഷ്ട്ര 18/5 എന്ന ദയനീയ അവസ്ഥയിലായി. എന്നാൽ ഏഴാം വിക്കറ്റിൽ ഒന്നിച്ച റുതുരാജ് ഗെയ്ക്വാദും ജലജ് സക്സേനയും ചേർന്ന് പടുത്തുയർത്തിയ 122 റൺസിൻ്റെ കൂട്ടുകെട്ടാണ് മഹാരാഷ്ട്രയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
ആദ്യ ദിനം ചായക്ക് പിരിയും മുൻപ് ജലജിനെ പുറത്താക്കി നിധീഷ് ഈ നിർണായക കൂട്ടുകെട്ട് തകർത്തു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റുതുരാജിനെ (91) ഏദൻ ആപ്പിൾ ടോം വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ കേരളം മത്സരത്തിൽ വീണ്ടും പിടിമുറുക്കി.
കേരളം: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ബാബ അപരാജിത്, സഞ്ജു സാംസൺ, സച്ചിൻ ബേബി, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അങ്കിത് ശർമ്മ, ഏദൻ ആപ്പിൾ ടോം, എൻ പി ബേസിൽ, സൽമാൻ നിസാർ. മഹാരാഷ്ട്ര: അങ്കിത് ബാവ്നെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സൗരഭ് നവലെ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, രജനീഷ് ഗുർബാനി, വിക്കി ഓസ്ത്വാൾ, സിദ്ധേഷ് വീർ, മുകേഷ് ചൗധരി, അർഷിൻ കുൽക്കർണി, രാമകൃഷ്ണ ഘോഷ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]