ആലപ്പുഴ: ദേശീയപാത 66 ആറ് വരിയാക്കുന്ന പ്രവർത്തികളുടെ ഭാഗമായി സംസ്ഥാനത്ത് 444 കിലോമീറ്റർ പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലെ വാടക്കനാലിനെയും കൊമേർഷ്യൽ കനാലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുനർനിർമ്മിച്ച മുപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു കാലത്തും യാഥാർഥ്യം ആകില്ല എന്ന് കരുതിയ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം ആണ് കേരളത്തിലെ യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നത്. 2013 – 2014 കാലഘട്ടത്തിൽ ദേശീയപാത അതോറിറ്റി പദ്ധതി അവസാനിപ്പിച്ച് ഓഫീസ് പൂട്ടിപ്പോയ അവസ്ഥയിൽ നിന്നാണ് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിലൂടെ സംസ്ഥാനത്ത് ദേശീയ പാത വികസനം പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്.
2026ൽ പുതുവത്സര സമ്മാനമായി ദേശീയപാതയുടെ പൂർത്തീകരിച്ച റീച്ചുകൾ നാടിന് സമർപ്പിക്കാൻ സാധിക്കും എന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നപ്പോൾ അഞ്ച് വർഷം കൊണ്ട് നൂറു പാലങ്ങൾ പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ മൂന്ന് വർഷവും ഒമ്പതുമാസം കൊണ്ട് ഇത് യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഇതുവരെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 149 പാലങ്ങൾ യാഥാർഥ്യമാക്കിയതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി പശ്ചാത്തല വികസന രംഗത്ത് വികസനത്തിന്റെ മാജിക്കാണ് നടക്കുന്നത്. ഇതിൽ വലിയ പങ്കു വഹിക്കുന്ന കിഫ്ബി ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നത് പൊതുമരാമത്ത് പദ്ധതികൾക്കാണ്.
പൊതുമരാമത്ത് വകുപ്പ് വഴി മാത്രം 33,101 കോടി രൂപ ചെലവഴിച്ച് 511 പദ്ധതികൾ നടപ്പാക്കി. തുരങ്കപാതയും മലയോര പാതയും തീരദേശപാതയും കിഫ്ബി ഫണ്ടിൽ യാഥാർത്ഥ്യമാകുന്നു.
ഇതുവരെ പൂർത്തീകരിച്ചത് 163 റോഡ് -പാലം പദ്ധതികളാണ്. ഇതിനായി ചെലവഴിച്ചത് 12,000 കോടിയോളം രൂപയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കെആർഎഫ്ബിയിൽ നിന്നും 17.825 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിലാണ് മുപ്പാലം പുനർനിർമ്മിച്ചത്. ഉദ്ഘാടന വേളയിൽ പദ്ധതിക്ക് തുടക്കമിട്ട
മുൻ മന്ത്രിമാരായ ടി എം തോമസ് ഐസക്കിനെയും ജി സുധാകരനെയും മന്ത്രി പ്രത്യേകം പരാമർശിച്ചു. അന്യഭാഷ ചലച്ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് ചരിത്രം പേറുന്ന പുനർനിർമ്മിച്ച നാൽപ്പാലം ഇവിടെ ചിത്രീകരിച്ച സിനിമകളുടെ ചരിത്രം കൂടി ഉൾപ്പെടുത്തി പുതിയൊരു പദ്ധതി ടൂറിസം വകുപ്പ് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനോടൊപ്പം വിനോദ സഞ്ചാര വകുപ്പ് 22.50 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി കനാൽക്കര സൗന്ദര്യവൽക്കരണത്തിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനായി.
എച്ച് സലാം എം എൽ എ , നഗരസഭാ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ട്, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷിജി കരുണാകരൻ , നഗരസഭാംഗം സിമി ഷാഫിഖാൻ, മുസിരിസ് പ്രോജക്ട് ലിമിറ്റഡ് എംഡി ഷാരോൺ വീട്ടിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ നാസർ, വി സി ഫ്രാൻസിസ്, എൻ സന്തോഷ് കുമാർ, അഗസ്റ്റിൻ കരിമ്പിൻ കാല, സുബാഷ് ബാബു, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]