
വ്യാജമായി മൃഗങ്ങളെ അവതരിപ്പിച്ച് സന്ദർശകരുടെ കണ്ണിൽ പൊടിയിടുന്നത് ചൈനയിലെ മൃഗശാലകളും അക്വേറിയങ്ങളുമായി ബന്ധപ്പെട്ട് സ്ഥിരമായി ഉയർന്നു കേൾക്കാറുള്ള ആരോപണമാണ്. നായ്ക്കളെ പ്രത്യേകതരം ചായം പൂശി പാണ്ടകളാക്കുക, ചെന്നായ്ക്കളെ വിദേശ പൂച്ചകളായി അവതരിപ്പിക്കുക തുടങ്ങിയ നിരവധി സംഭവങ്ങൾ വളരെക്കാലമായി ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതാണ്. സമാനമായ മറ്റൊരു സംഭവം ഇപ്പോൾ ചൈനയിലെ ഒരു അക്വേറിയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുകയാണ്.
നാളുകളായി അക്വേറിയത്തിൽ സന്ദർശകർക്ക് മുൻപിൽ തിമിംഗല സ്രാവായി അവതരിപ്പിച്ചിരുന്നത് ഒരു റോബോട്ടിനെ ആണ് എന്നാണ് പുതിയ കണ്ടെത്തൽ. ഇതോടെ നിരാശരായ സന്ദർശകരിൽ നിന്ന് വലിയ വിമർശനമാണ് അക്വേറിയം നടത്തിപ്പുകാർക്കെതിരെ ഉയരുന്നത്.
അഞ്ചുവർഷത്തെ നവീകരണത്തിന് ശേഷം ഒക്ടോബർ 1 -ന് വീണ്ടും തുറന്ന ഷെൻഷെനിലെ ഷിയോമീഷ സീ വേൾഡിലാണ് സംഭവം. അക്വേറിയത്തിലെ പ്രധാന ആകർഷണമായിരുന്നു ഈ “ഭീമൻ സ്രാവ്”. ഓരോ ദിവസവും സന്ദർശകരുടെ വലിയ സംഘം തന്നെ ഈ സ്രാവിനെ കാണാനായി എത്തിയിരുന്നു. 60 അടിയിൽ അധികം വലിപ്പമുണ്ടായിരുന്ന ഈ സ്രാവിനെ ലോകത്തിലെ ഏറ്റവും വലിയ മത്സ്യങ്ങളിൽ ഒന്നായാണ് അക്വേറിയം അധികൃതർ വിശേഷിപ്പിച്ചിരുന്നത്.
എന്നാൽ, തങ്ങൾ ആകാംക്ഷയോടെ കണ്ട കടൽജീവി യഥാർത്ഥത്തിൽ ഒരു റോബോട്ട് ആണെന്ന കണ്ടത്തൽ വലിയ നിരാശയാണ് സന്ദർശകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
അക്വേറിയത്തിൻ്റെ ഗ്ലാസിലൂടെ എടുത്ത ചിത്രങ്ങളാണ് മെക്കാനിക്കൽ സ്രാവിനെ വെളിച്ചത്തു കൊണ്ടുവന്നത്, കുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്ന സയൻസ് ഫിക്ഷൻ ഫിലിമിനോട് സാമ്യമുള്ള രീതിയിലാണ് അക്വേറിയത്തിനുള്ളിൽ റോബോ മത്സ്യത്തെ അവതരിപ്പിച്ചിരുന്നത്. സന്ദർശകരുടെ ഭാഗത്തുനിന്നുള്ള വിമർശനങ്ങൾ കടുത്തതോടെ വിശദീകരണവുമായി ഷിയോമീഷ സീ വേൾഡ് രംഗത്തെത്തി.
സന്ദർശകരെ വഞ്ചിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും യഥാർത്ഥ തിമിംഗല സ്രാവുകളെ പിടികൂടുന്നതും വ്യാപാരം ചെയ്യുന്നതും തടയുന്ന വന്യജീവി സംരക്ഷണ നിയമങ്ങൾ പാലിച്ചാണ് മൾട്ടി മില്യൺ യുവാൻ റോബോട്ടിക് സ്രാവ് വികസിപ്പിച്ചതെന്നുമാണ് അവർ നൽകിയ വിശദീകരണം.
അക്വേറിയം ഒരിക്കലും പൊതുജനങ്ങളെ കബളിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും റോബോട്ടിക് സ്രാവ് ഈ നിയന്ത്രണങ്ങൾ പാലിക്കുന്നതിനുള്ള ക്രിയാത്മകമായ പരിഹാരമാണെന്നും അക്വേറിയം പ്രതിനിധികൾ വാദിച്ചു.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]