ഓട്ടോയിൽ സഞ്ചരിക്കവേ ഓട്ടോയിലേക്ക് ചാടിക്കയറിയ യുവാവ് പൊലീസുകാരനാണെന്ന് പറഞ്ഞ് 50,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് യുവതി. മുംബൈയിലാണ് സംഭവം. താൻ ഇ സിഗരറ്റ് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് യുവാവ് തന്നിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത് എന്നും യുവതി പറയുന്നു.
മുംബൈയിലെ പൊവായ് ഏരിയയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയിതിരിക്കുന്നത്. പൊലീസിന്റെ വേഷത്തിലല്ലാതെ സാധാരണ വേഷത്തിലെത്തിയ ഒരാളാണ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതും 50,000 രൂപ നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതെന്നും യുവതി പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും അവർ പങ്കുവച്ചു.
സംഭവം തട്ടിപ്പാണെന്ന് തോന്നിയപ്പോഴാണ് യുവതി തന്റെ മൊബൈലിൽ എല്ലാം റെക്കോർഡ് ചെയ്യാൻ തുടങ്ങിയത്. “ഞാൻ ഇപ്പോൾ എംഐഡിസി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ) റോഡിലാണുള്ളത്, ഇയാൾ എന്നെ പിന്തുടർന്ന് എൻ്റെ ഓട്ടോറിക്ഷയിൽ കയറി. അയാൾ ബലമായി പവായ് ചൗക്കിയിലേക്ക് തന്നെ കൊണ്ടുപോകാൻ ശ്രമിക്കുകയാണ്” എന്ന് യുവതി പറയുന്നുണ്ട്. വീഡിയോയിൽ ഓട്ടോയുടെ പിൻഭാഗത്ത് വെള്ള ഷർട്ടും പാൻ്റും ധരിച്ച ഒരാൾ അവളുടെ അരികിലായി ഇരിക്കുന്നത് കാണാം.
ക്യാമറ തനിക്ക് നേരെ തിരിയുകയാണ് എന്ന് മനസിലായതോടെ ഓട്ടോയിൽ കയറിയ യുവാവ് കൈകൊണ്ട് തന്റെ മുഖം മറക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയില്ലാതെ നിങ്ങൾക്കെന്നെ എവിടേക്കും കൊണ്ടുപോകാൻ കഴിയില്ല എന്നും യുവതി പറയുന്നുണ്ട്. താൻ കുടുങ്ങി എന്ന് മനസിലായതോടെ യുവാവ് പെട്ടെന്ന് തന്നെ ഓട്ടോയിൽ നിന്നും ചാടിയിറങ്ങി പോകുന്നതും വീഡിയോയിൽ കാണാം.
Encounter with a Suspicious Cop Over a Vape in Mumbai. Asked 50k to let go.@MumbaiPolice please look into this incident.#fraud#femalesecurity pic.twitter.com/gitNVPCngU
— मराठा 🚩 (@Mard_Maratha_0) October 15, 2024
ഇയാൾ ഒരു ഐഡി കാർഡും കാണിക്കാൻ സമ്മതിച്ചില്ല എന്നും യുവതി പറയുന്നുണ്ട്. കോളേജിൽ നിന്നും വരുന്ന വഴിയായിരുന്നു യുവതി എന്നും റിപ്പോർട്ടുകൾ പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഭയപ്പെടാതെ പ്രതികരിച്ച യുവതിയെ എല്ലാവരും അഭിനന്ദിച്ചു. ഒപ്പം പൊലീസിനോട് നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
ഒടുവിൽ ആ കള്ളി വെളിച്ചത്ത്, ചൈനീസ് അക്വേറിയത്തിലെ തിമിംഗല സ്രാവ് റോബോട്ട്, രോഷം പുകയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]