
ചാങ്കി: ബോംബ് ഭീഷണിക്ക് പിന്നാലെ ഫൈറ്റർ വിമാനങ്ങളുടെ അകമ്പടിയിൽ സിംഗപ്പൂരിൽ ലാൻഡ് ചെയ്ത് എയർ ഇന്ത്യ വിമാനം. ചൊവ്വാഴ്ചയാണ് ബോംബ് ഭീഷണിക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനാണ് സിംഗപ്പൂർ ഫൈറ്റർ വിമാനങ്ങളുടെ അകമ്പടി നൽകിയത്. സിംഗപ്പൂരിന്റെ ഫൈറ്റർ വിമാനമായ എഫ് 15എസ്ജി ജെറ്റ് വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തെ ജനവാസ മേഖലകളിൽ അകമ്പടി നൽകുകയായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് എഎക്സ്ബി684 എന്ന വിമാനത്തിനാണ് വൻ സുരക്ഷ ഒരുക്കേണ്ടി വന്നത്.
മധുരയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് വച്ചതായാണ് ഭീഷണി വന്നത്. താൻ വിമാനത്തിൽ ബോംബ് വച്ചതായും ബോബുകൾ ഉടൻ പൊട്ടിത്തെറിക്കുമെന്നും രക്തം എല്ലായിടത്തും പടരുമെന്നും നിങ്ങൾ മരിക്കുമെന്നും അധിക സമയം അവശേഷിക്കുന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്. ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ രണ്ട് ദിവസത്തിനുള്ളിലുണ്ടാവുന്ന മൂന്നാമത്തെ സംഭവമാണ് ഇതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തിലാണ് വിമാനത്തെ ജെറ്റ് വിമാനങ്ങളുടെ അകമ്പടിയിൽ ഇറക്കിയത്. ചൊവ്വാഴ്ച രാത്രി 10.04ഓടെയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. സ്ഫോടനമുണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമായിരുന്നു ലാൻഡിംഗ് എന്നാണ് സിംഗപ്പൂർ ആഭ്യന്തര മന്ത്രി വിശദമാക്കുന്നത്.
ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനം എയർ പോർട്ട് പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ വിമാനം അരിച്ച പെറുക്കിയിട്ടും ഭീഷണിയിൽ പറഞ്ഞത് പോലെ ഒന്നും കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ വിശദമാക്കുന്നത്. പൊതുജനത്തെ ഭീതിയിൽ ആക്കുന്ന രീതിയിൽ മനപൂർവ്വം വ്യാജ സന്ദേശം നൽകുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വിശദമാക്കിയിട്ടുണ്ട്.
നേരത്തെ ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയുടെ ദില്ലി – ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. എഐ 127 നമ്പർ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ വിശദമാക്കി. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതാണെന്നും വാർത്താക്കുറിപ്പിൽ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]