
.news-body p a {width: auto;float: none;}
പാലക്കാട്: കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ. ശരിക്ക് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചതെന്നും ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ശരികൾ ലോകത്തോട് വിളിച്ചുപറയും. പാർട്ടി വരുതിയിലായെന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിച്ചുപോകുമോയെന്ന ഉൾഭയമുണ്ട്. 2026ലെ സെമി ഫൈനലാണെന്നൊക്കെ പറയുന്നവരുണ്ട്. തോറ്റാൽ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.
ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയിട്ടില്ലെന്നും സരിൻ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങളുടെ രീതി മാറി. ഈ രീതിയിൽ മുന്നോട്ടുപോയാൽ തോറ്റുപോകും. പാർട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ എങ്ങനെ തീരുമാനിച്ചു. പാർട്ടി മൂല്യങ്ങളിലുള്ള വിശ്വാസത്തിൽ കോട്ടം വന്നു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇ ശ്രീധരന്റെ മുന്നേറ്റത്തെപ്പറ്റിയും കത്തിൽ സൂചിപ്പിച്ചു. ഇ ശ്രീധരന് വോട്ട് കിട്ടിയതെങ്ങനെയെന്ന് പഠിക്കേണ്ടേ. അത് പഠിച്ച് മറുതന്ത്രം മെനയേണ്ടത് വളരെ അത്യാവശ്യമാണെന്നും കത്തിലുണ്ട്. പാലക്കാട്ടെ യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിയണമെന്നും സരിൻ കൂട്ടിച്ചേർത്തു.
‘ഞാൻ ലെഫ്റ്റടിക്കുന്ന ആളല്ല. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. നേതൃത്വത്തിന് തിരുത്താൻ ഇനിയും അവസരമുണ്ട്. ജയിച്ചേ പറ്റൂ. ഇല്ലെങ്കിൽ ഇവിടെ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധിയാണ്. ഇത് പാലക്കാടാണ്. ഇവിടെ ഏറ്റവും അടുത്തുനിൽക്കുന്ന രണ്ടാം സ്ഥാനത്തുള്ള പാർട്ടിയേതാണെന്ന് ചിന്തിക്കണം.പാർട്ടി പുനഃപരിശോധിക്കണം.’-സരിൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ഈ തീരുമാനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. പക്ഷേ എല്ലാവരും കൈയടിക്കുന്ന തീരുമാനത്തെ അന്തുകൊണ്ട് പാർട്ടിക്ക് എടുക്കാൻ കഴിയുന്നില്ല. എല്ലാവരെക്കൊണ്ടും കൈയടിപ്പിക്കുന്ന സംവിധാനത്തിലേക്ക് മറ്റ് പല പാർട്ടികളും മാതൃക കാണിക്കുകയല്ലേ. സി പി എം അതല്ലേ ചെയ്യുന്നത്. സി പി എമ്മിനെ നിങ്ങൾ കുറ്റം പറയാറില്ലേ, കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന്. അതൊരു കഴിവായി വിശ്വസിക്കുന്നയാളാണ് ഞാൻ. അതൊരു സംവിധാനത്തിന്റെ കെട്ടുറപ്പിനെയാണ് കാണിക്കുന്നത്’- സരിൻ പറഞ്ഞു.
താനൊരു സാധാരണക്കാരനാണ്. ജോലി രാജിവച്ചത് നാടിനുവേണ്ടിയാണെന്നും സരിൻ കൂട്ടിച്ചേർത്തു. ‘എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയണമെന്ന് തീരുമാനിച്ചത് നല്ലതിനുവേണ്ടിയാണ്. എന്റെ നല്ലതിനായിരുന്നെങ്കിൽ ജോലി രാജിവച്ച് ഇതിലേക്ക് വരില്ല. നാടിന്റെ നല്ലതിനുവേണ്ടിയാണ് ജോലി രാജിവച്ചത്. മുപ്പത്തിമൂന്നാമത്തെ വയസിൽ സിവിൽ നിന്ന് ഇറങ്ങിവരുന്നത്. അതിനെ പലർക്കും പൊട്ടത്തരമായിട്ടോ, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിട്ടോ തോന്നും. നിങ്ങൾ അതിനെ വിലകുറച്ചുകാണാൻ കാരണം, പഠിപ്പും വിവരവുമില്ലാത്തവർ വരേണ്ടതല്ല എന്ന് കരുതുന്നതുകൊണ്ടാണ്. അത് അങ്ങനെയല്ലെന്ന് കാണിച്ചുകൊടുക്കണ്ടേ.’- സരിൻ ചോദിച്ചു.
പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിൽ സരിന് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാഹുലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പ്രചാരണ പോസ്റ്റർ സരിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഇതായിരുന്നു സരിന് സ്ഥാനാർത്ഥി നിർണയത്തിൽ എതിർപ്പുണ്ടെന്ന സംശയം ഉയരാൻ കാരണം.