പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും ജയിക്കാൻ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് മുന്നേറിയ കോൺഗ്രസിന് തിരിച്ചടിയായി പി സരിൻ്റെ അമർഷം. പത്തനംതിട്ട ജില്ലക്കാരനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം സരിൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്നലെ രാത്രി സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത് വരെ പ്രതീക്ഷയിലായിരുന്നു സരിൻ. യൂത്ത് കോൺഗ്രസ് നേതാവെന്നതും പാലക്കാട് ജില്ലയിൽ നിന്നുള്ള യുവ നേതാവെന്നതും തനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
മറുവശത്ത് പാലക്കാട് വിട്ട് വടകര എംപിയായി ജയിച്ച് കയറിയ ഷാഫി പറമ്പിലിൻ്റെ പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് തുണയായത്. എഐസിസി നിർദ്ദേശപ്രകാരം നടത്തിയ സർവേയിൽ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനാണ് ജയസാധ്യത പ്രവചിക്കപ്പെട്ടത്. സംസ്ഥാന സർക്കാരിനെതിരെ നിരന്തര സമരവുമായി മുന്നോട്ട് പോയ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരിൽ ആവേശമുളവാക്കുകയും ചെയ്തു.
എന്നാൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളി കൂടി മറികടക്കാൻ പാലക്കാട് ജില്ലക്കാരായ സ്ഥാനാർത്ഥി തന്നെ വേണമെന്ന ആവശ്യം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ ഉയർത്തിയിരുന്നു. എന്നാൽ അത് സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ല. ഇത് സംബന്ധിച്ച് വന്ന വാർത്തകളോട് രൂക്ഷമായാണ് യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലാകെ പ്രതികരിച്ചത്.
എന്നാൽ യൂത്ത് കോൺഗ്രസ് നേതാവും കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ കൺവീനറുമായ പി സരിൻ ഇന്ന് രാവിലെ വാർത്താ സമ്മേളനം വിളിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് മറ്റെല്ലാ നേതാക്കളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചപ്പോൾ സരിൻ്റെ പ്രൊഫൈലിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന യാതൊരു സൂചനയും ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന യുവ നേതാവ് പാർട്ടി നേതൃത്വവുമായി ഇടഞ്ഞത് പുറത്തായത് ഇതോടെയാണ്.
തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് സ്വാഗതമോതാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ നിന്ന് ഷാഫി പറമ്പിൽ പിന്മാറി. സരിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഷാഫി പറമ്പിലും കോൺഗ്രസ് നേതൃത്വവും. അതേസമയം സാഹചര്യം പരിശോധിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൻ്റെ അവൈലബിൾ യോഗവും ചേരുന്നുണ്ട്. സരിൻ വിമത നീക്കം നടത്തില്ലെന്ന പ്രതീക്ഷ വികെ ശ്രീകണ്ഠൻ എംപി പങ്കുവച്ചപ്പോൾ കൂടുതൽ വ്യക്തത വന്ന ശേഷം പ്രതികരിക്കാമെന്നായിരുന്നു രമ്യ ഹരിദാസിൻ്റെ മറുപടി. സരിൻ്റെ നിലപാട് കാത്തിരിക്കുകയാണ് സിപിഎം. ഇതുവരെ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സരിൻ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരത്തിനിറങ്ങുമോ അല്ല, പാർട്ടിക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജയത്തിനായി പ്രവർത്തിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]