.news-body p a {width: auto;float: none;}
തിരുവനന്തപുരം: കഷ്ടകാലം വരുമ്പോൾ കൂടോടെ എന്ന ചൊല്ല് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുയർന്ന ശബരിമല സ്പോട്ട് ബുക്കിംഗ് പ്രശ്നവും ഒരുതരത്തിൽ തീർത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ ഇരുട്ടടിയായി എത്തിയത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കറകളഞ്ഞ സിപിഎമ്മുകാരിയുമായ പിപി ദിവ്യ, നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിതായി എത്തി നടത്തിയ അഴിമതി ആരോപണമാണ് ആത്മഹത്യക്ക് കാരണമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. ഉപതിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്ന കോൺഗ്രസും ബിജെപിയും കിട്ടിയ അവസരം പരമവധി പ്രയോജനപ്പെടുത്തി. സിപിഎം ആകട്ടെ കടുത്ത പ്രതിരോധത്തിലുമായി.
ജീവനൊടുക്കിയ നവീൻ ബാബുവിന്റെ കുടുംബവും കടുത്ത സിപിഎമ്മുകാരാണ്. ബന്ധുക്കളിൽ പലരും സംഘടനാ സ്ഥാനങ്ങൾ വഹിച്ചിരുന്നവരും ഇപ്പോൾ വഹിക്കുന്നവരുമാണ്. ഇതോടെ സിപിഎം ജില്ലാ നേതൃത്വം പിപി ദിവ്യയ്ക്കെതിരെ രംഗത്തെത്തി. എന്നാൽ കണ്ണൂർ നേതൃത്വമാകട്ടെ പ്രസ്താവന അനവസരത്തിലുള്ളതെന്ന് പറഞ്ഞ് ദിവ്യയെ ചെറുതായൊന്ന് നുള്ളി നോവിക്കാൻ മാത്രമാണ് തയ്യാറായത്. ഇതിൽ കണ്ണൂരിലെ പാർട്ടി അണികൾക്കിടയിൽ തന്നെ അമർഷം പുകയുന്നതിനിടെ ഇന്നുരാവിലെ ദിവ്യക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു കടുത്ത വിമർശനവുമായി രംഗത്തെത്തി.
‘നവീൻ ബാബു അഴിമതിക്കാരനല്ല. അദ്ദേഹത്തെ ഏറെക്കാലമായി അറിയുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബം ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കുടുംബമാണ്. നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് എത്തിക്കേണ്ടത് തങ്ങളുടെ ആവശ്യമായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നല്ല ട്റാക്ക് റെക്കോർഡുള്ള, പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത്. എഡിഎമ്മിന്റെ മരണത്തിൽ പാർട്ടിയും വിശദമായ അന്വേഷണം നടത്തും’ എന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. ഈ പ്രസ്താവനകൂടി പുറത്തുവന്നതോടെ പാർട്ടി കടുത്ത പ്രതിസന്ധിയിലായി. ഇതുവരെ കാണാത്ത പ്രതിസന്ധി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നവീൻ ബാബുവിന്റെ സ്വദേശത്തെ പാർട്ടി ഘടകത്തിലെ അതൃപ്തി ഒരു പൊട്ടിത്തെറിയായി രൂപപ്പെട്ടില്ലെങ്കിലും അത് പാർട്ടിക്ക് കടുത്ത ആഘാതം ഏൽപ്പിക്കുമെന്ന് സംസ്ഥാന നേതൃത്വതത്തിന് നന്നായി അറിയാം. അതിനാൽ എത്രയും പെട്ടെന്ന് പ്രശ്നം തണുപ്പിക്കാനുള്ള വഴികളാവും പാർട്ടി കണ്ടെത്തുക. ദിവ്യയുടെ പരാമർശത്തിനെതിരെ പുറത്തിറക്കിയ അഴകൊഴമ്പൻ പ്രസ്താവന പ്രശ്നം വളഷാക്കുകമാത്രമേ ചെയ്തുള്ളൂ എന്നാണ് കണ്ണൂരിലെ പാർട്ടിക്കാർ തന്നെ പറയുന്നത്. തൽക്കാലം മുഖം രക്ഷിക്കാനെങ്കിലും ദിവ്യയെ സ്ഥാനത്തുനിന്ന് മാറ്റിനിറുത്തണമെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്. ദിവ്യയെ ന്യായീകരിച്ച് ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയും അണികൾക്കിടയിൽ അമർഷത്തിന് ഇടയാക്കുന്നുണ്ട്.
ദിവ്യയെ രാജിവയ്പ്പിക്കാതെ സംരക്ഷിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ അത് പാർട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ദിവ്യയെ ന്യായീകരിക്കാൻ നേതാക്കൾ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. അതുപോലെ പാർട്ടിയുടെ അടിയുറച്ച വോട്ടുകൾ പോലും ചിലപ്പോൾ മാറിയെന്നു വരാം എന്നും പാർട്ടി കേന്ദ്രങ്ങൾ ഭയക്കുന്നുണ്ട്. പ്രത്യേകിച്ചും യുഡിഎഫും, ബിജെപിയും നവീൻ ബാബുവിന്റെ ആത്മഹത്യ പരമാവധി ഉപയോഗപ്പെടുത്തുമ്പോൾ.