
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനായി ഇറങ്ങിയ സഞ്ജു സാംസണ് നിരാശ. ഹിമാചലിനെതിരായ മത്സരത്തില്‍ അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ കേരള നായകന് രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ഹിമാാചലിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്റെയും സച്ചിന് ബേബിയുടെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ രോഹന് കുന്നുമ്മല്‍(5)വൈഭവ് അറോറയുടെ പന്തില്‍ ആകാശ് വസിഷ്ഠിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്(20) പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചാം ഓവറില്‍ പുറത്തായി. പിന്നീട് വിഷ്ണു വിനോദും സല്മാന് നിസാറും ചേര്‍ന്ന് കേരളത്തെ 50 കടത്തി.
11-ാം ഓവറില്‍ 84-2 എന്ന ഭേദപ്പെട്ട സ്കോറിലായിരുന്നു കേരളം.25 പന്തില്‍ 23 റണ്‍സെടുത്ത സല്മാന് നിസാറിനെ മടക്കി മുകുള്‍ നേഗി കൂട്ടുകെട്ട് പൊളിച്ചു.പിന്നാലെ വിഷ്ണു വിനോദ്(27 പന്തില്‍ 44) മായങ്ക ദാഗറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.ഇതിന് പിന്നാലെയാണ് പന്ത്രണ്ടാം ഓവറില്‍ അഞ്ചാമനായി ക്രീസിലിറങ്ങിയ സഞ്ജു നേരിട്ട രണ്ടാം പന്തില്‍ പുറത്തായത്. മുകുള്‍ നേഗിയുടെ പന്തില്‍ ഏകാന്ത് സിങിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. പിന്നാലെ അബ്ദുള്‍ ബാസിതും(3) വീണതോടെ കേരളം തകര്‍ച്ചയിലായി.
ശ്രേയസ് ഗോപാലും സച്ചിന് ബേബിയും ചേര്‍ന്ന് കേരളത്തെ 100 കടത്തിയെങ്കിലും കൂട്ടുകെട്ട് അധികം നീണ്ടില്ല. ശ്രേയസ് ഗോപാലിനെ(12) മായങ്ക് ദാഗര്‍ തന്നെ വീഴ്ത്തി. സച്ചിന് ബേബിയും(20 പന്തില്‍ 30*) സിജോമോന്‍ ജോസഫും(11) ചേര്‍ന്നാണ് കേരളത്തെ 150 കടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]