
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച വ്യോമയാന കമ്പനി ഗോ ഫസ്റ്റിനെ ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ പേര് രംഗത്തെത്തിയതോടെ വീണ്ടും പറന്നുയരാമെന്ന പ്രതീക്ഷയില്‍ കമ്പനി. ജിന്‍ഡാല്‍ പവറിന് പിന്നാലെ ജെറ്റ് വിംഗ് എയര്‍വേയ്സ് എന്ന കമ്പനിയാണ് താല്പര്യ പത്രം നല്‍കിയിരിക്കുന്നത്. അസമിലെ ഗുവാഹത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയാണ് ജെറ്റ് വിംഗ് എയര്‍വേയ്സ്. സഞ്ജീവ് നരെയ്ന്, അനുപം ശര്‍മ എന്നിവരാണ് കമ്പനിക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ മേയ് മാസം മൂതല്‍ പാപ്പരത്ത നടപടികളില്‍ പെട്ട് പ്രവര്‍ത്തനം നിലച്ച ഗോ ഫസ്റ്റിന് പ്രതീക്ഷ നല്കുന്നതാണിത്.
ALSO READ: വരുന്നു, ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ; മുകേഷ് അംബാനിയുടെ വ്യവസായ തന്ത്രം ഇങ്ങനെ
ഈ മാസം മുതല്‍ പ്രവര്‍ത്തനം സജീവമാക്കാനുള്ള ശ്രമങ്ങള്‍ ജെറ്റ് വിംഗ്സ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഗോ ഫസ്റ്റിനെ സ്വന്തമാക്കാനുള്ള കമ്പനിയുടെ നീക്കം. ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ, ഉഡാൻ പദ്ധതി പ്രകാരം വടക്കുകിഴക്കൻ, കിഴക്കൻ മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ആവശ്യമായ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും (എഒസി) നേടിയ ശേഷം, പ്രീമിയം ഇക്കോണമി സേവനങ്ങളെത്തിക്കുമെന്ന് ജെറ്റ് വിംഗ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റീല്‍, ഊർജ രംഗത്തെ പ്രമുഖരായ നവീന്‍ ജിന്‍ഡാലും ഗോ ഫെസ്റ്റിനായി മുന്‍നിരയിലുണ്ട്.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തനടപടിക്കായി മേയിലാണ് അപേക്ഷ നല്‍കിയിരുന്നത്. തകരാറിലായവയ്ക്ക് പകരമുള്ള എന്‍ജിനുകള്‍ അമേരിക്കന്‍ എന്ജിന് കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ നിലപാട്. അഞ്ചുബാങ്കുകള്‍ക്കായി 6,521 കോടി രൂപയാണ് ഗോ ഫസ്റ്റ് നൽകാനുള്ളത്. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക്, ആക്സിസ് ബാങ്ക്, ഡോയിച്ചെ ബാങ്ക് എന്നിവയാണ് വായ്പ നല്കിയ ബാങ്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]