
തിരുവനന്തപുരം: കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
എലിപ്പനി സാധ്യത, ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗം
തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി, അണ്ണാന്, പൂച്ച, പട്ടി, മുയല്, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ദുരിതമനുഭവിക്കുന്നവര്‍, രക്ഷാപ്രവര്‍ത്തകര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കും. പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് പനി അനുഭവപ്പെട്ടാല്‍ ഉടനടി ചികിത്സ തേടണം. അസുഖ വിവരം അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
Last Updated Oct 15, 2023, 8:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]