
തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം. ഉച്ചയ്ക്ക് 12.30 പുറപ്പെടേണ്ട ട്രെയിൻ വൈകുന്നേരം 7.35 ന് മാത്രമേ തിരുവനന്തപുരത്തു നിന്നും പുറപ്പെടുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു. കൊച്ചുവേളിയിലെ വെള്ളക്കെട്ട് കാരണമാണ് ട്രെയിൻ വൈകുന്നത്.
തിരുവനന്തപുരത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുകയാണ്. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിലെ റോഡുകൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകൾ വെള്ളിത്തിലാണ്. രാത്രി ഒരു മണി മുതൽ വീടുകളിൽ വെള്ളം കയറിയെന്ന് നാട്ടുകാർ പറയുന്നു.
ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരെ ഉൾപ്പടെ വീടുകളിൽ നിന്ന് മാറ്റുകയാണ്. അമ്പലത്തിൻകര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഫൈബർ ബോട്ടിലാണ് ആളുകളെ മാറ്റുന്നത്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് കളക്ടർ നിർദേശം നൽകി.
താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Story Highlights: Thiruvananthapuram-New Delhi Kerala Express time change
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]