കൊച്ചി: എംഎസ്സി എൽസ-3 കപ്പൽ മുങ്ങി മൂന്ന് മാസമാകുമ്പോള്‍ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനുള്ള നടപടികളിൽ മെല്ലെപ്പോക്ക് തുടർന്ന് സർക്കാർ. ബാധ്യത 132 കോടിയിൽ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കോടതിയെ അറിയിച്ചിട്ടും സർക്കാർ ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ല.
പാരിസ്ഥിതിക ആഘാതം ഉണ്ടായെന്ന് തെളിയിച്ചാൽ പരിധികളില്ലാത്ത നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണ് നിയമവിദഗ്ധരും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആരോപണം. കൊല്ലം അഴീക്കലിൽ നിന്ന് പോയ ശിവസുതൻ വള്ളത്തിന്റെ വല രണ്ടു തവണയാണ് എംഎസ്എസി എൽസയിൽ നിന്ന് വീണ കണ്ടെയ്നറിൽ കുടുങ്ങി കീറിയത്.
വലയും ഉപകരണങ്ങളുമടക്കം 30 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. എറണാകുളം മുതൽ കൊല്ലം വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളതും ഇതേ കഥയാണ്.
വലയും ഉപകരണങ്ങളും കേടാവുന്നതിനെതുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ കടവും പെരുകുകയാണ്. നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാൻ വക്കീൽ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇവര്‍.
ഇതിനിടെയാണ് അപകടത്തിന്റെ ബാധ്യത വെറും 132 കോടിയിൽ പരിമിതപ്പെടുത്താനുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ശ്രമം. പാരിസ്ഥിതിക ആഘാതവും മത്സ്യത്തൊഴിലാളികളുടെ നഷ്ടവുമൊക്കെ കണക്കാക്കി സർക്കാർ ആവശ്യപ്പെട്ട
9531 കോടിയുടെ 1.3ശതമാനം മാത്രമാണ് കമ്പനി പറഞ്ഞ തുക. കമ്പനിയുടെ കപ്പലുകൾ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ തടയണമെന്നും എംഎസ്സി കോടതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
എതിർക്കേണ്ട സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
കോസ്റ്റൽ പൊലീസ് എടുത്ത കേസിലെ അന്വേഷണത്തിലും മെല്ലെപ്പോക്ക് പാരിസ്ഥിതികാഘാതം ഉണ്ടെങ്കിൽ നഷ്ടപരിഹാരം പരിമിതപ്പെടുത്താനാകില്ലെന്ന് മാരിടൈം നിയമങ്ങളിൽ പറയുന്നുണ്ട്. പക്ഷേ, ഇത് തെളിയിക്കാനുള്ള പഠന റിപ്പോർട്ടുകളൊന്നും ഇതുവരെ കോടതിയിലെത്തിയിട്ടില്ല.
കടൽ ജലത്തിന്റെ പിഎച്ച് മൂല്യം പരിശോധിച്ച് പാരിസ്ഥിതിക ആഘാതം ഉണ്ടായിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണബോർഡ് നൽകിയ സത്യവാങ്മൂലം മാത്രമാണ് കോടതിക്ക് മുന്നിലുള്ളത്. അതിനപ്പുറമുള്ള പഠനങ്ങളൊന്നും സംസ്ഥാനമോ കേന്ദ്രമോ നടത്തിയിട്ടില്ല.
കോസ്റ്റൽ പൊലീസ് എടുത്ത കേസിലെ അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്.എംഎസ്സിയുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ സംസ്ഥാനത്തിന് അർഹമായ നഷ്ടപരിഹാരത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമായിരിക്കും ലഭിക്കുക. മാത്രമല്ല കപ്പലുകൾ അറസ്റ്റ് ചെയ്ത് കമ്പനിയെ സമ്മർദ്ദത്തിലാക്കാനും കഴിയില്ല.
സർക്കാർ ഇനിയും ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വലിയ നഷ്ടമായിരിക്കുമുണ്ടാകുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]