ശബരിമല ∙ ആഗോള അയ്യപ്പ സംഗമത്തിനു മുൻപ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കില്ല.
ആചാര സംരക്ഷണത്തിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ കേസുകൾ പിൻവലിക്കണമെന്നാണു പന്തളം കൊട്ടാരം ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യം. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് 20ന് ആണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്.
ഇതിനു ബദലായി ശബരിമല കർമസമിതി 22ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തുന്നതിനാൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകളും ആചാരവും ചർച്ചയാക്കേണ്ടതില്ലെന്നാണു സർക്കാരിന്റെ നിലപാട്.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസിൽ സത്യവാങ്മൂലം പുതുക്കി നൽകുമെന്നു ദേവസ്വം ബോർഡിന്റെ പ്രഖ്യാപനത്തിൽ സർക്കാരിന് അതൃപ്തിയുണ്ട്.
അതിനാൽ ആഗോള അയ്യപ്പ സംഗമത്തിൽ ശബരിമല ആചാരങ്ങളോ സുപ്രീംകോടതിയിലെ കേസോ ചർച്ച ചെയ്യേണ്ടതില്ലെന്നാണു സർക്കാർ നിലപാട്. സംഗമത്തിന്റെ പ്രാധാന്യം വിവരിച്ച് പ്രധാന വേദിയിൽ വിഷയാവതരണം നടക്കും.
അതിനു ശേഷമാണ് പാനൽ ചർച്ചകൾ.
പമ്പയിൽ പന്തൽ നിർമാണം പുരോഗമിക്കുകയാണ്.1.85 കോടി രൂപ ചെലവിൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് പന്തൽ നിർമാണം നടക്കുന്നത്. പമ്പാ മണപ്പുറത്തെ പ്രധാന പന്തലിന്റെ മേൽക്കൂരയുടെ പണികൾ തീരാറായി.
ഇനിയും തറയുടെയും വശങ്ങളുടെയും പണികൾ തീരാനുണ്ട്. അതിനു പുറമേ സ്റ്റേജ്, മൈക്ക് തുടങ്ങിയവയുടെ പണികളും നടക്കുന്നു.
പൂർണമായി ശീതീകരിച്ച വിധത്തിലാണു പ്രധാന പന്തൽ.
അതിന് 38,500 ചതുരശ്രയടി വിസ്തൃതിയുണ്ട്. ഇതിൽ 3000 പേർക്ക് ഇരിക്കാം.
ഗ്രീൻ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഇവിടെയുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനാണു ക്രമീകരണങ്ങളുടെ ചുമതല.
ഇതിന്റെ പണികൾ പൂർത്തിയാക്കി നാളെ സമർപ്പിക്കാനാണ് തീരുമാനം. കുണ്ടും കുഴിയും നിറഞ്ഞ ചാലക്കയം– പമ്പ റോഡിന്റെ പണികൾ തീർന്നു.
പമ്പാ മണപ്പുറത്തെ ശുചിമുറികളുടെ അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലികളും തീർന്നു. ത്രിവേണി നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]