
തൃശൂർ: എക്സൈസ് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട മണ്ണുത്തിയിലും പട്ടിക്കാട് ചെമ്പുത്രയിലുമായി നടന്നു. 15000 ലിറ്റർ സ്പിരിറ്റും രണ്ടു പിക്കപ്പ് വാഹനങ്ങളും പിടികൂടി. തൃശൂർ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോയും തൃശൂർ ജില്ലാ ടീമും എക്സൈസും ഒന്നിച്ചാണ് വൻ സ്പിരിറ്റ് വേട്ട നടത്തിയത്.
പട്ടിക്കാട് ചെമ്പുത്രയിൽ ഏതാനും മാസങ്ങളായി കാലിത്തീറ്റ കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചു പോന്ന സ്പിരിറ്റ് ഗോഡൗൺ ആണ് ഇന്റലിജൻസ് വിഭാഗം തുടർച്ചയായ നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. രാത്രി കാലത്തു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്തോ ദുരൂഹതകൾ സൂക്ഷിക്കുന്നതായി കാണപ്പെട്ടു. രണ്ടാഴ്ചക്കാലം ഇന്റലിജിൻസ് വിഭാഗം ഷാഡോ വിങ്ങായി പ്രവർത്തിച്ചു. ഇതിന്റെ ഭാഗമായി വേഷപ്രച്ഛന്നരായി ഡാറ്റകൾ ശേഖരിക്കുകയും മേൽ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ സ്വീകരിച്ചു പ്രവർത്തനം ഏകോപിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ എക്സൈസ് വിഭാഗവുമായി ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു.
മണ്ണുത്തി സെന്ററിൽ നിന്നും 40 കന്നാസ്സുകളിൽ 1320 ലിറ്റർ സ്പിരിറ്റുമായി ഒരു പിക്കപ്പ് കണ്ടെത്തി. തുടർന്ന് ചെമ്പുത്രയിലെ കാലിത്തീറ്റ ഗോഡൗൺ പരിശോധിച്ച് 411 കന്നാസുകളിലായി സൂക്ഷിച്ച 13563 ലിറ്റർ സ്പിരിറ്റ് കണ്ടെടുക്കുകയുമായിരുന്നു. ഇവിടെ ഒരു പിക്കപ്പ് വാഹനത്തിൽ നിന്നും കാലിത്തീറ്റക്ക് മറവിൽ പ്രത്യേകം പടുത്ത രഹസ്യ അറയിൽ നിന്നുമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. ഗോഡൌൺ വാടകക്ക് എടുത്ത എടമുട്ടം, ഉറുമ്പങ്കുന്ന് സ്വദേശികളായ രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മണ്ണുത്തിയിൽ പിക്കപ്പ് വാഹനം കടത്താൻ ശ്രമിച്ച ആളെയും അന്വേഷിച്ചു വരുന്നു.
കേസ് എടുത്ത സംഘത്തിൽ ഐബി ഇൻസ്പെക്ടർ പ്രസാദ്, ഐബി ഉദ്യോഗസ്ഥരായ വി എം ജബ്ബാർ, കെ ജെ ലോനപ്പൻ, ജീസ്മോൻ, പി ആർ സുനിൽ, എം ആർ നെൽസൻ എന്നിവരും എക്സൈസ് സിഐ അശോക് കുമാർ, ഇൻസ്പെക്ടർമാരായ ടി കെ സജീഷ് കുമാർ, സതീഷ് കുമാർ തൃശൂർ സർക്കിൾ, റേഞ്ച് മറ്റു ജീവനക്കാരും ഉൾപ്പെട്ടിരുന്നു.
വയോസേവന പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്; അഭിമാനകരമായ നേട്ടമാണിതെന്ന് മേയർ ആര്യ രാജേന്ദ്രൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]