ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിനിന്റെ പേര് മാറ്റി റെയില്‍വേ. ഗുജറാത്തിലെ ഭുജ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യത്തെ സര്‍വീസ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. അഹമ്മദാബാദില്‍ ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം. ഇതിന് പുറമേ ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ സര്‍വീസുകള്‍ കൂടി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
നമോ ഭാരത് റാപിഡ് റെയില്‍ എന്നാണ് വന്ദേ മെട്രോ സര്‍വീസിന് പേര് നല്‍കിയിരിക്കുന്നത്. ഭുജ് മുതല്‍ അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റര്‍ ദൂരം 5.45 മണിക്കൂറകള്‍ കൊണ്ട് നമോ ഭാരത് റാപിഡ് റെയില്‍ താണ്ടും. ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ബുധനാഴ്ചയോടെയാകും ട്രെയിന്‍ സ്ഥിരമായുള്ള സര്‍വീസ് ആരംഭിക്കുക. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ട്രെയിനിന് കഴിയും.
455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന നമോ ഭാരത് റാപിഡില്‍ റിസര്‍വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു കോച്ചില്‍ നൂറ് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും 200 പേര്‍ക്ക് നിന്ന് സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റഡ് ഡോര്‍ സംവിധാനം ട്രെയിനിന്റെ മറ്റൊരു സവിശേഷതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]