ബെംഗളൂരു: വൻ തുക വാങ്ങി വിവാഹം ചിത്രീകരിച്ചു. ഏറെ പ്രതീക്ഷയോടെ വിവാഹ വീഡിയോ കാണാനിരുന്നപ്പോൾ കണ്ടത് മറ്റാരുടേയോ വീഡിയോ. നവവരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ബെംഗളൂരുവിലാണ് സംഭവം. ആന്ധ്ര പ്രദേശിൽ നിന്നുള്ള ഒരു സ്റ്റുഡിയോയ്ക്കായിരുന്നു യുവാവ് വിവാഹ വീഡിയോ ചിത്രീകരിക്കാൻ കോൺട്രാക്റ്റ് നൽകിയിരുന്നത്. എന്നാൽ വൻതുക കൈപ്പറ്റിയ സ്റ്റുഡിയോ യുവാവിന് നൽകിയത് മറ്റാരുടേയോ വിവാഹ വീഡിയോ ആയിരുന്നു.
ഇതിന് പിന്നാലെയാണ് ആർ പ്രസന്ന കുമാർ റെഡ്ഡി എന്നയാളുടെ പരാതിയിലാണ് സ്റ്റുഡിയോ ഉടമയോട് യുവാവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. മാർച്ച് മാസത്തിൽ യുവാവ് നൽകിയ പരാതി സെപ്തംബർ 11നാണ് കോടതി പരിഗണിച്ചത്. നാഗേഷ് ബാൻഡപി എന്ന സ്റ്റുഡിയോ ഉടമയ്ക്കാണ് കോടതി പിഴയിട്ടിരിക്കുന്നത്. ഐ ഫോട്ടോ സ്റ്റുഡിയോ എന്ന സ്ഥാപനത്തിനും ഉടമയ്ക്കുമാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴയിട്ടത്. യുവാവിൽ നിന്ന് ഈടാക്കിയ പണത്തിന് പുറമേ അയ്യായിരം രൂപ കൂടി നൽകാനാണ് കോടതി വിധി.
2021 ഡിസംബർ 29നായിരുന്നു പ്രസന്ന കുമാർ റെഡ്ഡിയുടെ വിവാഹം. ചടങ്ങിന്റേയും അനുബന്ധ ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനായി നാഗേഷ് അഡ്വാൻസായി വാങ്ങിയത് 40000 രൂപയായിരുന്നു. എന്നാൽ കരാറിൽ പറഞ്ഞിരുന്ന സമയത്ത് വീഡിയോ സിഡിയോ കല്യാണ ആൽബമോ നൽകാൻ നാഗേഷ് തയ്യാറായില്ല. നിരവധി തവണ ആവശ്യപ്പെട്ടതിന് പിന്നാലെ ഇയാൾ നൽകിയ ആൽബം മറ്റാരുടേയോ ആയിരുന്നു. കല്യാണ വീഡിയോയും മറ്റാരുടേയോ ആയിരുന്നു നാഗേഷ് നൽകിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ യുവാവിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും കൈമോശപ്പെട്ടതായി സ്റ്റുഡിയോ ഉടമ വ്യക്തമാക്കുകയായിരുന്നു. വിവാഹ സംബന്ധിയായ ചിത്രങ്ങളും വീഡിയോയും നഷ്ടമായെന്ന് ബോധ്യമായതോടെയാണ് പ്രസന്നകുമാർ കോടതിയെ സമീപിച്ചത്. കരാർ ലംഘിച്ചതിനും സൃഷ്ടിച്ച മാനസിക പ്രയാസത്തിനുമായി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. യുവാവിന് 20000 രൂപയും പിഴയായി 5000 രൂപയും നൽകാനാണ് കോടതി ഉത്തരവ്. മുപ്പത് ദിവസത്തിനുള്ളിൽ തുക നൽകണമെന്നും കോടതി വ്യക്തമാക്കി. അല്ലാത്ത പക്ഷം പലിശ അടക്കമുള്ള തുക സ്റ്റുഡിയോ ഉടമ യുവാവിന് നൽകേണ്ടതായി വരുമെന്നും കോടതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]