
ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഫ്ളോറിഡയിൽ വെസ്റ്റ്പാം ബീച്ചിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോൾഫ് ക്ളബിൽ വച്ചായിരുന്നു സംഭവം. സുരക്ഷയുടെ ഭാഗമായി സംഭവസമയം ഗോൾഫ് ക്ളബ് പകുതി അടച്ചിരുന്നു. ഇവിടെ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന് നേരെ അക്രമി ഒളിച്ചിരുന്ന് വെടിയുതിർക്കുകയായിരുന്നു. ട്രംപ് സുരക്ഷിതനാണെന്ന് മുൻ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള യു എസ് സീക്രട്ട് സർവീസ് വ്യക്തമാക്കി.
സംഭവത്തിലെ പ്രതി 58 വയസുകാരനായ റയാൻ വെസ്ലി റൗത്തിനെ അറസ്റ്റ് ചെയ്തു. ലക്ഷ്യസ്ഥാനം ഉറപ്പിക്കാൻ സഹായിക്കുന്ന സ്കോപ്പും ഗോപ്രോ ക്യാമറയുമടക്കം ഒരു എകെ-47 തോക്കും ഇയാളിൽ നിന്ന്
പിടികൂടി. സീക്രട്ട് സർവീസ് അംഗങ്ങൾ തിരികെ വെടിയുതിർത്തപ്പോൾ ഒളിച്ചിരുന്നയിടത്ത് നിന്നും പുറത്തുകടന്ന പ്രതി ഒരു കറുത്ത കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ട്രംപിനെ വധിക്കാനുള്ള ശ്രമം തന്നെയായിരുന്നതായി എഫ്ബിഐ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
നോർത്ത് കരോലിന ഗ്രീൻസ്ബൊറോയിലെ ഒരു മുൻ നിർമ്മാണതൊഴിലാളിയാണ് റയാൻ റൗത്ത്. സൈനികസേവനം ചെയ്ത് യാതൊരു പരിചയവും ഇല്ലാത്ത റൗത്തിന് പക്ഷെ ഇക്കാര്യങ്ങളിൽ അതീവ താൽപര്യമുണ്ടെന്ന് കണ്ടെത്തി. 2002ലും ഇയാൾ ഗ്രീൻസ്ബോറോയിൽ വച്ച് ഓട്ടോമീറ്റിക് ആയുധങ്ങളുമായി ഒരു കെട്ടിടത്തിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായിരുന്നു. ഗുരുതരമായ സംഭവമായിരുന്നെങ്കിലും ഇയാൾ അന്ന് ശിക്ഷിക്കപ്പെട്ടോ എന്ന് വ്യക്തമല്ല.
ജൂൺ 13ന് പെൻസിൽവാനിയയിലെ റാലിയിൽ പങ്കെടുക്കവെയാണ് ട്രംപിനെതിരെ ആദ്യ വധശ്രമം ഉണ്ടായത്. പ്രസംഗിക്കുന്നതിനിടെ അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിർത്തിരുന്നു. ട്രംപിന്റെ വലതുചെവിയിൽ അന്ന് പരിക്കേറ്റിരുന്നു. രണ്ട് മാസങ്ങൾക്കകം നടക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപ്, നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് നേരിടുക.