
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്-വവ്വാലിന് പ്രിയപ്പെട്ട പഴങ്ങൾ ആളുകൾ ഒഴിവാക്കുന്നു. റംബൂട്ടാൻ, പേരക്ക തുടങ്ങിയ പഴങ്ങൾ വാങ്ങുന്നതിൽ നിന്നാണ് രണ്ടു ദിവസമായി കോഴിക്കോട്ടുകാർ പിന്നോക്കം പോയിരിക്കുന്നത്.
എന്നാൽ ജില്ലയിലെ പഴം വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. നിപ്പ പേടിയിൽ രണ്ടു ദിവസമായി ഉണ്ടായ വിപണി മാന്ദ്യം തന്നെയാണ് ഫല വിപണിയിലും ഉണ്ടായിരിക്കുന്നത്.
പേരക്കക്ക് ഒന്നര കിലോ 100 രൂപക്കടുത്താണ് ഇന്നലെയും വിറ്റു പോയത്. ചിലർ നിപ്പ വന്നതോടെ പഴംവിപണി ഇടിഞ്ഞ് വില കുറഞ്ഞുവെന്ന ധാരണയിൽ വാങ്ങാൻ എത്തുന്നുണ്ടെന്നും പാളയത്തെ കച്ചവടക്കാർ പറയുന്നു. റംബൂട്ടാൻ കച്ചവടത്തിന് അൽപം ക്ഷീണം നേരിട്ടുവെങ്കിലും നിപ്പ 2018 ലേതുപോലെ ആളുകൾ പഴങ്ങളോട് പൂർണമായി അകലം പാലിക്കുന്നില്ലെന്നും ഇവർ പറയുന്നു. അതേ സമയം മലയോര മേഖലയിലെ റംബൂട്ടാൻ കൃഷിക്ക് നിലവിലെ സ്ഥിതികൾ തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാനത്തേക്ക് പഴങ്ങൾ വരുന്നത് തൊട്ടടുത്തെ കർണാടക, തമിഴ്നാട് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ റംബൂട്ടാൻ, ഞാവൽ എന്നിവ കേരളത്തിലെ മലയോര മേഖലയിലും കൃഷി ചെയ്തു വരുന്നുണ്ട്. പ്രദേശികമായി തന്നെ ഇത് വിപണിയിൽ എത്തിക്കുന്നതും പതിവാണ്. നിപ്പ ബാധിത പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും ഇത്തരം ധാരാളം കൃഷികളുണ്ട്. കിളികളെയും വവ്വാലുകളെയും തുരത്തിയാണ് കർഷകർ ഇവിടെ കൃഷി ചെയ്യുന്നത്. എന്നാൽ നിപ്പയുടെ വരവോടെ ഇനി കച്ചവടം നടക്കില്ലെന്ന ആശങ്കയിലാണിവർ.
നെറ്റും വേലിയുമെല്ലാം കെട്ടി വവ്വാൽ അടക്കമുള്ളവയെ അകറ്റി നിർത്തിയാണ് കൃഷി ചെയ്തതെങ്കിലും 2018 ലേതു പോലെ നിപ്പഭീതി നീണ്ടു പോയാൽ തങ്ങളുടെ അധ്വാനം പാഴായിപ്പോകുമോയെന്ന ആശങ്കയിലാണ് മലയോര മേഖലയായ കുറ്റിയാടിയിലടക്കമുള്ള കൃഷിക്കാർ.
വൈറസ് ബാധകളുടെ പേരിൽ കർഷകരുടെ ചോറിൽ മണ്ണ് വാരി ഇടരുതെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ .ബിജു കണ്ണന്തറ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിച്ചു.
റംബൂട്ടാൻ കൃഷി ചെയ്യുന്നവർ അടക്കമുള്ള കൃഷിക്കാരുടെ പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിപണന സാധ്യത ഇല്ലാതാക്കുന്ന രീതിയിൽ അടിസ്ഥാന രഹിതമായി സർക്കാർ പ്രസ്താവനയിറക്കരുത്. മരം പൂക്കുമ്പോൾ മുതൽ വലയിട്ട് മൂടി വവ്വാലുകളുടെയും മറ്റ് പക്ഷികളുടെയും ആക്രമണങ്ങളിൽ നിന്നും സംരക്ഷിച്ചാണ് കൃഷിക്കാർ റമ്പൂട്ടാൻ അടക്കമുള്ള പഴങ്ങളും പച്ചക്കറികളും സംരക്ഷിക്കുന്നത്. തികച്ചും ഭക്ഷ്യയോഗ്യമായ അത്തരം കാർഷിക ഉൽപന്നങ്ങളിൽ ഒരു തരത്തിലും വൈറസ് ബാധ ഉണ്ടാകുകയില്ലെന്നും സർക്കാർ സംവിധാനങ്ങൾ കർഷകരെ ദ്രോഹിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.