
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ നടന് അലന്‍സിയര്‍ നടത്തിയ പ്രസ്താവന നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമാണെന്ന് ഡബ്ല്യുസിസി. തെറ്റ് ചെയ്തിട്ടില്ലെന്ന അലന്‍സിയറിന്റെ നിലപാട് അപലപനീയമാണെന്ന് ഡബ്ല്യുസിസി പ്രസ്താവനയില്‍ പറയുന്നു.
അലന്‍സിയറിന്റെ പ്രവൃത്തി മുഖ്യമന്ത്രിയുടെ നിലപാടിനെ അട്ടിമറിക്കുന്നതാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ സിനിമമേഖല ചെറുക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകള്‍ ഇക്കാലമത്രയും സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവഴികള്‍ക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഡബ്ല്യുസിസിയുടെ പോസ്റ്റ്
ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ അലന്‍സിയര്‍ ലോപ്പസ് നടത്തിയ മറുപടി പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലന്‍സിയറുടെ വാക്കുകള്‍.
മാധ്യമങ്ങളും നിരീക്ഷകരുമുള്‍പ്പെടെ പലരും ഇതിനൊരു തിരുത്തല്‍ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലന്‍സിയറുടെ നിലപാടിനെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാര ജയതാവില്‍നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവര്‍ത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്കാരിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവഴികള്‍ക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്.
ഇത്തരം ‘സെക്സിസ്റ്റ്’ പ്രസ്താവനകള്‍ ഇതാദ്യമായല്ല. അലന്‍സിയറില്‍ നിന്നും ഉണ്ടാവുന്നത് എന്നതുകൊണ്ടുതന്നെ സിനിമാപ്രവര്‍ത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും സിനിമാ മേഖല കൂടുതല്‍ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ട്.
Story Highlights: WCC against actor Alencier’s statement
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]