
ഇസ്താംബൂള്‍ – സൗദി അറേബ്യയുടെ പാത പിന്തുടര്ന്ന് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് പ്രമുഖ കളിക്കാരെ റാഞ്ചി തുര്‍ക്കി ക്ലബ്ബുകള്‍. അടുത്ത സീസണില്‍ അര്‍ജന്റീനയുടെ മോറൊ ഇകാര്‍ഡി, അള്‍ജീരിയയുടെ ലോകകപ്പ് ഹീറോ ഹകീം സിയേഷ്, പ്രീമിയര്‍ ലീഗില്‍ നിന്ന് വില്‍ഫ്രീഡ് സാഹ തുടങ്ങിയ പ്രമുഖ താരങ്ങള്‍ തുര്‍ക്കി ക്ലബ്ബുകള്‍ക്ക് വേണ്ടി ഇറങ്ങും. വന്‍ തുകയാണ് ഈ കളിക്കാര്‍ക്കായി തുര്‍ക്കി ക്ലബ്ബുകള്‍ ചെലവിട്ടത്. സൗദി അറേബ്യയില്‍ നിന്ന് വ്യത്യസ്തമായി തുര്‍ക്കി ക്ലബ്ബുകള്‍ പണം ചെലവിടുന്നതിന് യുവേഫ മാനദണ്ഡം പാലിക്കണം. പരിധിയില്‍ കവിഞ്ഞ തുക ചെലവിട്ട ക്ലബ്ബുകള്‍ക്കെതിരെ നടപടി വരാന്‍ സാധ്യതയുണ്ട്.
തുര്‍ക്കി സൂപ്പര്‍ ലീഗിലെ ഫെനര്‍ബാച്ചെ, ഗലതസറായ്, ട്രാബന്സ്പോര് എന്നീ നാല് പ്രമുഖ ക്ലബ്ബുകള്‍ ട്രാന്‍സ്ഫറിനായി ചെലവിട്ടത് 12 കോടി യൂറോയാണ്. ക്രിസ്റ്റല്‍പാലസിന്റെ കളിക്കാരനായിരുന്ന സാഹയെ ഗലതസറായിയാണ് സ്വന്തമാക്കിയത്. സിയേഷിനെ ചെല്‍സിയില്‍ നിന്നും തന്ഗു എന്ദോംബെലെയെ ടോട്ടനത്തില്‍ നിന്നും ലോണില്‍ അവര്‍ പിടിച്ചെടുത്തു. ലോണില്‍ തങ്ങള്‍ക്ക് കളിക്കുകയായിരുന്ന പി.എസ്.ജി താരം ഇകാര്‍ഡിയുമായി വെറും ഒരു കോടി യൂറോയുടെ സ്ഥിരം കരാറൊപ്പിട്ടു. ടോട്ടനത്തില്‍ നിന്ന് ഡിഫന്റര്‍ ഡാവിന്‍സന്‍ സാഞ്ചസും ടീമില്‍ ചേര്‍ന്നു.
ഫെനര്‍ബാച്ചെ ഫ്രഞ്ച് ലീഗില്‍ മാഴ്സെക്കു കളിക്കുന്ന ചെംഗിസ് അണ്ടറിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫ്രെഡിനെയുമാണ് ടീമിലെടുത്തത്. അലക്സ് ഓക്സാള്ഡ് ചെയ്മ്പര്ലെയ്നും (ലിവര്‍പൂള്‍) എറിക് ബെയ്ലിയും (യുനൈറ്റഡ്) ബെഷിക്റ്റാസിലെത്തി. ആഴ്സനലില് നിന്ന് നിക്കൊളാസ് പെപ്പെ ട്രാന്സ്പോറില് ചേര്‍ന്നു. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഇറ്റലി സ്ട്രൈക്കര്‍ മാരിയൊ ബലോടെലി അദാനി ദെമിര്സ്പോറിന്റെ ഭാഗമായി.
ഗലതസറായിയും ഫെനര്‍ബാച്ചെയും പ്രതിഫലത്തുകയായി മാത്രം ഒമ്പത് കോടി യൂറോ ഈ സീസണില്‍ കണ്ടെത്തണം. ഇത് രണ്ട് ക്ലബ്ബുകളെയും കടക്കെണിയിലാക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ രണ്ട് ക്ലബ്ബുകള്‍ക്കും 200 കോടി യൂറോ കടമുണ്ട്. തുര്‍ക്കി ലിറയുടെ മൂല്യം തകര്‍ന്നതിനാല്‍ ടി.വി സംപ്രേഷണാവകാശത്തിലൂടെ കിട്ടുന്ന തുകയിലും കുറവ് വന്നിട്ടുണ്ട്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് വരുമാനം കിട്ടുന്ന ഏക തുര്‍ക്കി ക്ലബ്ബ് ഗലതസറായിയാണ്. പക്ഷെ പ്രമുഖ കളിക്കാര്‍ ടീമിലെത്തണമെന്ന് നിശ്ചയിക്കുന്ന ആരാധകരാണ്. അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരികയാണ് ക്ലബ്ബുകള്‍ക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]