
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് 417 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. വെറും 83 പന്തില്‍ 174 റണ്‍സടിച്ചാണ് ക്ലാസന് ദക്ഷിണാഫ്രിക്കയെ 400 കടത്തിയത്.
13 സിക്സും 13 ബൗണ്ടറികളും അടങ്ങുന്നതാണ് ക്ലാസന്റെ ഇന്നിംഗ്സ്. 35-ാം ഓവറില്‍ റാസി വാന്‍ഡര്‍ ദസന് പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 194 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ഏയ്ഡന്‍ മാര്‍ക്രം പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്ലാസനും ഡേവിഡ് മില്ലറും(45 പന്തില്‍ 82*) തകര്‍ത്തടിച്ചതോടെ അവസാന 15 ഓവറില്‍ മാത്രം ദക്ഷിണാഫ്രിക്ക നേടിയത് 222 റണ്‍സ്. ഇന്നിംഗ്സിലെ അവസാന പന്തിലാണ് ക്ലാസന് പുറത്തായത്.
38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്ലാസന് 57 പന്തില്‍ സെഞ്ചുറിയിലെത്തി. അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് വെറും 19 പന്തുകള്‍. 52 പന്തില്‍ 79 റണ്‍സായിരുന്ന ക്ലാസന് മാര്‍ക്കസ് സ്റ്റോയ്നിനിസിന്റെ ഒരോവറില്‍ 24 റണ്‍സടിച്ചാണ് സെഞ്ചുറി തികച്ചത്. 33 പന്തില്‍ മില്ലര്‍ അര്‍ധസെഞ്ചുറിയിലെത്തി. 77 പന്തില്‍ 150 കടന്ന ക്ലാസന് ഇന്നിംഗ്സിലെ അവസാന പന്തിലാണ് പുറത്തായത്. 40 ഓവര്‍ പിന്നിട്ടപ്പോള്‍ 243 റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോര്‍. അവസാന പത്തോവറില്‍ ക്ലാസനും മില്ലറും ചേര്‍ന്ന് അടിച്ചെടുത്തത് 183 റണ്‍സ്.
ദക്ഷിണാഫ്രിക്കക്കുവേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ 64 റണ്‍സടിച്ച ക്വിന്റണ്‍ ഡീ കോക്കും(45) റീസാ ഹെന്‍ഡ്രിക്സും(28) മികച്ച തുടക്കം നല്കി. പിന്നാലെ റാസി വാന്‍ഡര്‍ ദസ്സനും(62) അര്‍ധസെഞ്ചുറി തികച്ചു. ഓസ്ട്രേലിയന്‍ നിരയില്‍ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ആദം സാംപയാണ് ഏറ്റവും കൂടുതല്‍ പ്രഹമേറ്റു വാങ്ങിയത്. ഓസീസിനായി ജോഷ് ഹേസല്‍വുഡ് 79 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
Last Updated Sep 15, 2023, 8:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]