
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊളംബൊ – ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ഫൈനല്‍ ഉറപ്പാക്കിയതിനാല്‍ റിസര്‍വ് താരങ്ങള്‍ക്കെല്ലാം അവസരം നല്കിയ മത്സരത്തില്‍ ബംഗ്ലാദേശിനോട് ഇന്ത്യ ഏഴ് റണ്‍സിന് തോറ്റു. അഞ്ചാം സെഞ്ചുറിയുമായി ഓപണര്‍ ശുഭ്മന്‍ ഗില്ലും 34 പന്തില്‍ 42 റണ്‍സുമായി വാലറ്റത്ത് അക്ഷര്‍ പട്ടേലും പൊരുതിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. ബംഗ്ലാദേശിന്റെ എട്ടിന് 265 നെതിരെ ഒരു പന്ത് ശേഷിക്കെ ഇന്ത്യ 259 ന് ഓളൗട്ടായി. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയമാണ് ഇത്.
ശാഖിബുല്‍ ഹസനും (85 പന്തില്‍ 80) തൗഹീദ് ഹൃദയും (81 പന്തില്‍ 54) തമ്മിലുള്ള അഞ്ചാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ അടിത്തറ. അരങ്ങേറ്റക്കാരന്‍ തന്‍സീബ് ഹസന് സാഖിബ് ഇരട്ട വിക്കറ്റെടുത്തതോടെ അവര്‍ ഇന്ത്യയുടെ തുടക്കം അലങ്കോലമാക്കുകയും ചെയ്തു. തന്‍സീബ് ആദ്യ പന്തില്‍ രോഹിത് ശര്‍മയെയും (0) രണ്ടാം ഓവറില്‍ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയെയും (5) പുറത്താക്കി. കെ.എല്‍ രാഹുലും (19) ഇശാന് കിഷനും (5) സൂര്യകുമാര്‍ യാദവും (26) രവീന്ദ്ര ജദേജയുമൊക്കെ (7) പരാജയപ്പെട്ടെങ്കിലും ഗില്ലും അക്ഷറും ഇന്ത്യന്‍ പ്രതീക്ഷ അവസാനം വരെ നിലനിര്‍ത്തി. മുസ്തഫിസുറഹ്മാന് മൂന്നും തന്‍സീമിന് രണ്ടും വിക്കറ്റ് ലഭിച്ചു.
ശാഖിബും തൗഹീദ് ഹൃദയും തമ്മിലുള്ള അഞ്ചാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ അടിത്തറ. നസൂം അഹ്മദിന്റെ (45 പന്തില്‍ 44) നേതൃത്വത്തില്‍ അവരുടെ വാലറ്റവും കാര്യമായ സംഭാവന നല്കി. നസൂമും മെഹ്ദി ഹസനും (23 പന്തില്‍ 29 നോട്ടൗട്ട്) എട്ടാം വിക്കറ്റില്‍ ആറോവറില്‍ 46 റണ്‍സെടുത്തു. മെഹ്ദിയും അരങ്ങേറ്റക്കാരന്‍ തന്‍സീം ഹസന് സാഖിബും 27 റണ്‍സ് സംഭാവന ചെയ്തു.
ടോസ് നേടിയ ഇന്ത്യ അഞ്ച് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. തിലക് വര്‍മ അരങ്ങേറിയപ്പോള്‍ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരും പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം ബംഗ്ലാദേശിനെ നാലിന് 59 ലേക്ക് തള്ളി വിട്ടു. എന്നാല്‍ ശാഖിബും തൗഹീദും 101 റണ്‍സ് കൂട്ടുകെട്ടോടെ തിരിച്ചടിച്ചു. തിലകിനെ തൗഹീദ് തുടര്‍ച്ചയായി രണ്ടു തവണ സിക്സറിനുയര്‍ത്തി.