
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കാതിരുന്നതോടെ ഇതുവരെ ലഭിച്ച മഴയിൽ 40 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയെന്ന് കണക്ക്. ഇതുവരെ ലഭിക്കേണ്ട മഴയിൽ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ഓഗസ്റ്റിൽ 48 ശതമാനമായിരുന്ന കുറവ് സെപ്റ്റംബർ പകുതിയായതോടെ 40 ശതമാനമായി കുറഞ്ഞതാണ് ഏക ആശ്വാസം. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോഡാണ്. തിരുവനന്തപുരത്താണ് കുറവ്. സെപ്തംബർ 21 വരെയെങ്കിലും മഴ ലഭിക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴയുടെയും, കുറവിന്റെയും, സെപ്റ്റംബർ ഇതുവരെ ലഭിച്ച മഴയുടെയും കണക്കുകൾ പരിശോധിക്കാം…
കാലവർഷം ഇതുവരെ
ജൂൺ ഒന്ന് മുതൽ ഇന്ന് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ ഇതുവരെ കുറവ് 40 ശതമാനമാണ്. ഓഗസ്റ്റ് അവസാനിക്കുബോൾ 48 ശതമാനം കുറവുണ്ടായിരുന്നിടത്ത് സെപ്തംബറിൽ 15 ദിവസം പിന്നിടുമ്പോൾ 40 ശതമാനം ആയി കുറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ അളവിൽ മഴ ലഭിച്ചത് കാസർകോഡാണ്. ആകെ 1977 മില്ലിമീറ്റർ ( 1977 mm) മഴ ഇവിടെ ലഭിച്ചു. ഏറ്റവും കുറവ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇവിടെ ആകെ 513 മില്ലീമീറ്റർ ( 513MM) മഴ മാത്രമാണ് ലഭിച്ചത്. അതേസമയം, ലഭിക്കേണ്ട മഴയുടെ കണക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇടുക്കി ( 57% കുറവ് ) വയനാട് ( 56) തൃശൂർ (47), പാലക്കാട് (47), കോഴിക്കോട് (46) ജില്ലകളിലാണ്.
സെപ്തംബർ, ചെറിയ ആശ്വാസം
സെപ്റ്റംബർ പകുതി പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഈ മാസം മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. വയനാട് ( 26% കുറവ് ) ഒഴികെയുള്ള എല്ലാ ജില്ലകളിലും സെപ്തംബറിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. സെപ്റ്റംബർ മാസത്തിൽ ഇതുവരെ സംസ്ഥാനത്താകെ 52% കൂടുതൽ മഴ ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Sep 15, 2023, 4:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]