
കൊല്‍ക്കത്ത: ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണെ ടീമിലെത്തിക്കാനായി പുതിയ ഓഫര്‍ മുന്നോട്ടുവെച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ടീം മാറാനുള്ള സഞ്ജുവിന്റെ ശ്രമങ്ങള്‍ പ്രസിസന്ധിയിലായിരിക്കെയാണ് രണ്ട് യുവതാരങ്ങളെ വിട്ടുകൊടുത്ത് സഞ്ജുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഊര്‍ജ്ജിതമാക്കിയതെന്ന് ബംഗാളി പത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു.
ഓള് റൗണ്ടറായ രമണ്‍ദീപ് സിംഗിനെയും യുവതാരം അംഗ്രിഷ് രഘുവംശിയെയുമാണ് സഞ്ജുവിന് പകരം രാജസ്ഥാന് വിട്ടുകൊടുക്കാമെന്ന് കൊല്‍ക്കത്ത ഓഫര്‍ വെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും സഞ്ജുവിന് തുല്യരായ കളിക്കാരല്ലെന്നതാണ് രാജസ്ഥാന് റോയല്‍സ് നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്കായി അരങ്ങേറിയ അംഗ്രിഷ് രഘുവംശി ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.
രമണ്‍ദീപ് സിംഗാകട്ടെ ഓള് റൗണ്ടറുമാണ്. സഞ്ജുവിനെ ടീമിലെത്തിച്ചാല്‍ കൊല്‍ക്കത്തക്ക് ഒരു ഓപ്പണറെയും ഇന്ത്യൻ വിക്കറ്റ് കീപ്പറെയും ക്യാപ്റ്റനെയും ലഭിക്കുമെന്നതാണ് നേട്ടം.
നിലവില്‍ ക്വിന്റണ്‍ ഡി കോക്കും റഹ്മാനുള്ള ഗുര്‍ബാസുമാണ് കൊല്‍ക്കത്തയുടെ വിക്കറ്റ് കീപ്പര്‍മാരും ഓപ്പണര്‍മാരും. എന്നാല്‍ രമണ്‍ദീപിനും അംഗ്രിഷ് രഘുവംശിയ്ക്കും ചേര്‍ത്ത് ഏഴ് കോടി രൂപ മാത്രമാണ് കൊല്‍ക്കത്ത മുടക്കിയിരിക്കുന്നത് എന്നതിനാല്‍ പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റം സാധ്യമാവണമെങ്കില്‍ സഞ്ജുവിന് രാജസ്ഥാന് നല്കുന്ന 18 കോടി രൂപയിലെ ബാക്കി തുക പണമായി കൊല്‍ക്കത്ത നല്‍കേണ്ടിവരും. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സും താല്പര്യം അറിയിച്ചിരുന്നെങ്കിലും സഞ്ജുവിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് റുതുരാജ് ഗെയ്ക്വാദിനെയോ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെയോ വിട്ടുകിട്ടണമെന്ന രാജസ്ഥാന് റോയല്‍സിന്റെ കടുപിടുത്തമാണ് ടീം മാറ്റം പ്രതിസന്ധിയിലാക്കിയത്.
എം എസ് ധോണിയുടെ പകരക്കാരനായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സഞ്ജുവിനെ പരിഗണിച്ചത്. റുതുരാജ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനാണ്.
കഴിഞ്ഞ സീസണില്‍ പരിക്കുമൂലം പുറത്തിരിക്കേണ്ടിവന്ന രുതുരാജിന് പകരം ധോണിയാണ് ചെന്നൈയെ നയിച്ചത്. എന്നാല്‍ അടുത്ത സീസണില്‍ റുതുരാജ് ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ധോണിയും ചെന്നൈയും നേരത്തെ വ്യക്തമാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]