
ഇന്ത്യ- മാലിദ്വീപ് ബന്ധത്തെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്ന ഒരു പ്രചാരണത്തിന്റെ വസ്തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
മാലിദ്വീപ് അവരുടെ 28 ദ്വീപുകള്‍ ഇന്ത്യക്ക് വിട്ടുനല്‍കി എന്നാണ് സാമൂഹ്യമാധ്യമമായ എക്സിലെ (പഴയ ട്വിറ്റര്‍) പ്രചാരണം. ‘ബ്രേക്കിംഗ്: മാലിദ്വീപ് ഇന്ത്യക്ക് 28 ദ്വീപുകള്‍ വിട്ടുനല്‍കി. മാലി പ്രസിഡന്റ് മുയിസു തന്നെയാണ് ഇതില്‍ ഒപ്പുവെച്ചത്’– എന്നുമാണ് ഒരു ട്വീറ്റില്‍ കാണുന്നത്. സമാനമായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന നിരവധി ട്വീറ്റുകളുണ്ട്. സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കാണാം.


വസ്തുത
മാലിദ്വീപ് ഇന്ത്യക്ക് 28 ദ്വീപുകള്‍ കൈമാറി എന്ന പ്രചാരണം വ്യാജമാണ്. വ്യാജ പ്രചാരണത്തിന്റെ സത്യം പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു.
മാലിദ്വീപിലെ 28 ദ്വീപുകളില്‍ ഇന്ത്യയും മാലിദ്വീപും സംയുക്തമായി ജല, മനിലജലം പദ്ധതി നടപ്പാക്കുന്നതിനെയാണ് തെറ്റായ തരത്തില്‍ വിവിധ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത്. മാലിദ്വീപ്-ഇന്ത്യ വികസന സഹകരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ഇതിനെ കുറിച്ച് മാലിദ്വീപ് നിര്‍മാണ, അടിസ്ഥാനസൗകര്യ മന്ത്രാലയം വിശദമായി ട്വീറ്റ് ചെയ്തിരുന്നതാണ്. ഇന്ത്യ-മാലിദ്വീപ് ഉഭയകക്ഷി ബന്ധത്തിന്റെ കരുത്ത് ഈ പദ്ധതി അടിവരയിടുന്നതായും ട്വീറ്റിലുണ്ടായിരുന്നു.
മാത്രമല്ല, മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു ഇന്ത്യയുമായുള്ള സഹകരണത്തെ കുറിച്ച് വിശദ വിവരങ്ങള്‍ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ മാലിദ്വീപ് പ്രസിഡന്റും പങ്കെടുത്തിരുന്നു.
നിഗമനം
മാലിദ്വീപ് ഇന്ത്യക്ക് 28 ദ്വീപുകള്‍ കൈമാറി എന്ന പ്രചാരണം വ്യാജം.
Read more: ഒരു യൂട്യൂബ് ചാനല്‍ നിറയെ വ്യാജ വീഡിയോകള്‍; പൊളിച്ചടുക്കി പിഐബി ഫാക്ട് ചെക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]