
ജമൈക്കയിലെ സബീന പാര്‍ക്കിലെ ഒരു മണിക്കൂറും 42 മിനുറ്റും. ആൻഡി റോബേര്‍ട്ട്സും മാല്‍ക്കം മാർഷലും ജോയല്‍ ഗാര്‍ണറും മൈക്കല്‍ ഹോള്ഡിങ്ങുമൊക്കെ എതിരാളികളെ കുടിപ്പിച്ച അതേ കൈപ്പുനീര് നുണയാൻ വെസ്റ്റ് ഇൻഡീസിന്റെ പുതുതലമുറ വിധിക്കപ്പെട്ട
നിമിഷങ്ങള്‍. റോസ്റ്റൻ ചേസിന്റെ 11 അംഗ സംഘത്തിന് മുകളില്‍ സ്റ്റാര്‍ക്ക് ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞ ദിനം.
ഒന്നോര്‍ക്കുക, എല്ലാ ചുഴലിക്കാറ്റിനും ഒരു ഉത്ഭവകേന്ദ്രമുണ്ടാകും. സബീന പാര്ക്കിലത് ഓസ്ട്രേലിയ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ 68-ാം ഓവറായിരുന്നു.
വിൻഡീസ് സെൻസേഷൻ ജെയ്ഡൻ സീല്‍സ് ഓവറവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. സ്ട്രൈക്കില്‍ തന്റെ നൂറാം മത്സരത്തിനിറങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക്.
ഫുള്‍ ലെങ്ത് ഇൻസ്വിങ്ങറില്‍ ഡ്രൈവിന് ശ്രമിച്ച സ്റ്റാര്‍ക്കിന്റെ ഓഫ് സ്റ്റമ്പ് സീല്‍സ് തെറിപ്പിച്ചു. നാല് പന്തില്‍ ഡക്ക്.
വിക്കറ്റിലേക്ക് നടന്നിറങ്ങി മടങ്ങാനൊരുങ്ങിയ ഓസീസ് പേസര്‍ക്ക് സീല്‍സിന്റെ വക ഒരു സെന്റ് ഓഫ്, അല്‍പ്പം കടന്നുപോയെന്ന് തോന്നിച്ച നിമിഷം, ഒരു ചെറു ചിരികൊണ്ടായിരുന്നു സ്റ്റാര്‍ക്ക് സീല്‍സിന്റെ വാക്കുകളെ സ്വീകരിച്ചത്. സ്റ്റാര്‍ക്കിന്റെ കൈകളിലേക്ക് ബാഗി ഗ്രീൻ ക്യാപ്പെത്തുമ്പോള് സീല്‍സ് പന്തെടുത്തിട്ടുണ്ടോയെന്ന് പോലും സംശയമാണ്.
അത്രത്തോളം അന്തരമുണ്ട് ഇരുവരുടേയും കരിയറുകള്‍ തമ്മില്‍. മൂന്നാം ദിനം വിൻഡീസ് പരമ്പരയിലെ ആശ്വാസജയം തേടിയിറങ്ങുമ്പോള്‍ പിങ്ക് ബോള്‍ ആദ്യമെടുത്തത് സ്റ്റാര്‍ക്ക്.
മണിക്കൂറില്‍ 137 കിലോ മീറ്റര്‍ വേഗതയില്‍ പെര്‍ഫെക്റ്റ് ലൈനിലും ലെങ്തിലുമൊരു പന്ത്. ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാൻ ശ്രമിച്ച കാംബെല്ലിന് പിഴച്ചു, പന്ത് ബാറ്റിലുരസി ഇംഗ്ലിസിന്റെ കൈകളില്‍.
ടെസ്റ്റ് കരിയറില്‍ നാലാം തവണ ആദ്യ പന്തില്‍ വിക്കറ്റ്. റെഡ് ഹോട്ട് ഫോമിലുള്ള സ്റ്റാര്‍ക്കിന്റെ ഒരു എക്സ്ട്രാ ഓര്‍ഡിനറി സ്പെല്ലിന്റെ തുടക്കമായിരുന്നു അത്.
പിന്നീട് ബാക്ക് ഓഫ് ദ ലെങ്ത്, ഫുള്‍ ലെങ്ത്, ഗുഡ് ലെങ്ത് പന്തുകള്‍ കെല്‍വണ്‍ ആൻഡേഴ്സണിനെ തേടിയെത്തി. അഞ്ചാം പന്തിലും ഫുള്‍ ലെങ്ത്, ഔട്ട് സ്വിങ്ങര്‍ പ്രതീക്ഷിച്ച് ഫീറ്റ് അഡ്ജസ്റ്റ് ചെയ്ത് പന്ത് ലീവ് ചെയ്ത ആൻഡേഴ്സണിന് ഇൻസ്വിങ്ങര്‍.
പ്ലമ്പ്, എല്‍ബിഡബ്ല്യു. പിന്നാലെ എത്തിയ ബ്രാൻഡൻ കിങ്ങിന് 139 കിലോ മീറ്റര്‍ വേഗതയില്‍ ഫുള്‍ലെങ്ത് ഇൻസ്വിങ്ങര്‍, ക്ലീൻ ബൗള്‍ഡ്.
ആദ്യ ഓവര്‍ അവസാനിക്കുമ്പോള്‍ വിൻഡീസിന്റെ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് പൂജ്യവും വിക്കറ്റ് മൂന്നുമായിരുന്നു. വിൻഡീസ് ഡ്രസിങ് റൂമില്‍ രണ്ട് ലോകകപ്പുകള്‍ നേടിക്കൊടുത്ത ഡാരൻ സാമിയുടെ മുഖത്ത് അവിശ്വസനീയമായ ആ സീൻ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
മൂന്ന് ഓവറിന്റ ഇടവേളയ്ക്ക് ശേഷം മൈക്കല്‍ ലൂയിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി തന്റെ 400-ാം ടെസ്റ്റ് വിക്കറ്റ് സ്റ്റാര്‍ക്ക് തികച്ചു. സ്റ്റാര്‍ക്കിന്റെ കൈകളിലെ പന്തിന് തീയുടെ തിളക്കമായിരുന്നു അപ്പോള്‍, അത് വൈകാതെ ഷായ് ഹോപ്പുമറിഞ്ഞതോടെ മറ്റൊരു ചരിത്രമവിടെ സൃഷ്ടിക്കപ്പെടുകയായിരുന്നു.
അഞ്ച് വിക്കറ്റെടുക്കാൻ സ്റ്റാര്‍ക്കിന് ആവശ്യമായി വന്നത് കേവലം 15 പന്തുകള്‍ മാത്രം. ടെസ്റ്റ് ക്രിക്കറ്റിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യം.
പലപ്പോഴും ഒപ്പത്തിനൊപ്പമെത്തിയിട്ടും വിജയം എത്തിപ്പിടിക്കാനാകാതെ പോയ ജയം ഒരിക്കല്‍ക്കൂടി കൈവിടുന്ന വിൻഡീസ്. സ്റ്റാര്‍ക്കിന്റെ പേസ് ബൗളിങ് കാര്‍ണേജിന് പിന്നാലെ ഹേസല്‍വുഡും ഹാട്രിക്കുമായി ബോളണ്ടും.
സ്ക്രീനില്‍ വൈകാതെ തെളിഞ്ഞു, ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോര്‍. 1955ല്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് പുറത്തായ സ്കോര്‍.
അതിനൊപ്പമെത്തിയിരുന്നു അപ്പോഴേക്കും വിൻഡീസ്. 26-9.
നാണേക്കെടിന്റെ ആഴം കുറയ്ക്കുക മാത്രമാണ് ലക്ഷ്യം, വേണ്ടത് ഒരു റണ്‍സ്. വിൻഡീസിന്റെ ബാറ്റിങ് നിരയ്ക്ക് മുകളില്‍ നരകമായി പെയ്തിറങ്ങിയ സ്റ്റാര്‍ക്ക് ഒരിക്കല്‍ക്കൂടി.
അയാളുടെ ബ്രില്യൻസും പിങ്ക് ബോളിലെ വൈഭവുമെല്ലാം ഇതിനോടകം തന്നെ വിൻഡീസ് അറിഞ്ഞിരുന്നു. അല്‍സാരി ജോസഫിന്റെ പ്രതിരോധത്തില്‍ നിന്ന് ഒരു എഡ്ജ്, കോണ്‍സ്റ്റാസിന്റെ മിസ് ഫീല്‍ഡീല്‍ ആ നാണക്കേട് ഒഴിവാകുകയാണ്.
സ്ട്രൈക്കില്‍ എത്തിയത് സീല്‍സ്. ആദ്യ ദിനത്തിലെ സെന്റ് ഓഫിനുള്ള മറുപടിയുണ്ടാകുമോയെന്ന് ആകാംഷ.
മണിക്കൂറില്‍ 143 കിലോ മീറ്റര്‍ വേഗതയിലൊരു പന്ത്. സീല്‍സിന്റെ ലെഗ് സ്റ്റമ്പ് കണ്ണടച്ച് തുറന്ന മാത്രയില്‍ ഇളകി.
ശേഷം സീല്‍സിന്റെ മുഖത്തേക്ക് വിരല്‍ചൂണ്ടി സ്റ്റാര്‍ക്കിന്റെ ആഘോഷം. വിൻഡീസ് 27 റണ്‍സിന് ഓള് ഔട്ട്.
87 പന്തുകളില്‍ അവസാനിച്ച ഇന്നിങ്സ്. 100-ാം ടെസ്റ്റ് പൂര്‍ത്തിയാക്കുമ്പോള്‍ മഗ്രാത്തിനേക്കാള്‍ മികച്ച ബൗളിങ് സ്ട്രൈക്ക് റേറ്റുമായി സ്റ്റാര്‍ക്ക്.
ഓപ്പണര്‍മാരെ പുറത്താക്കിയത് 109 തവണ. ഇടം കയ്യൻ ബാറ്റര്‍മാര്‍ക്കെതിരെ രണ്ടാമത്തെ മികച്ച സ്ട്രൈക്ക് റേറ്റ്, ഒന്നാമത് ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാഡ.
ഓസീസ് വിജയത്തില്‍ കലാശിച്ച മത്സരങ്ങളില്‍ മാത്രം 246 വിക്കറ്റുകള്‍. ടെസ്റ്റില്‍ പന്തെറിഞ്ഞ ഇടം കയ്യൻ ബൗളര്‍മാരില്‍ കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ താരം, മുന്നില്‍ രംഗണ ഹെറാത്തും വിസീം അക്രവും മാത്രം.
2023ല്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ശേഷം സ്റ്റാര്‍ക്ക് പറഞ്ഞൊരു വാചകമുണ്ട്, പണം നല്ലതാണ്, പക്ഷേ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്റ്റാര്‍ക്ക് അത് സാധ്യമാക്കിയിരിക്കുന്നു, പകിട്ടോടെ തന്നെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]