
‘ഈ ജീവിതം ദുരിതത്തിന്റെ കയമാണ്, ദുരിതക്കയത്തിൽ അനേകം മുഖങ്ങൾ കാണും, ഇതിന്റെ തീരത്ത് നിൽക്കുന്ന എഴുത്തുകാരനാണ് ഞാൻ….’ എംടിയും എംടിയുടെ കഥാപാത്രങ്ങളും വെറുതെ കഥ പറഞ്ഞ് പോയവരല്ലല്ലോ. വ്യവസ്ഥിതികളോട് കലഹിച്ചു ജീവിക്കുന്നക്കുന്നവരാണ് എംടിയുടെ പ്രോട്ടഗോണിസ്റ്റുകളിൽ കൂടുതൽ പേരും.
ജീവിത വ്യഥകളും പ്രണയവും കാത്തിരിപ്പും സംഘർഷങ്ങളും അനുഭവിക്കുന്നവർ. ജീവിതത്തിൽ ഒറ്റപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരും തെറ്റിദ്ധരിക്കപ്പെട്ടവരുമായ എംടി കഥാപാത്രങ്ങൾ.
മലയാള സിനിമയിൽ നമ്മെ ആഴത്തിൽ സ്പർശിച്ചിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളിൽ പലതും എംടിയുടെ തൂലികകളിൽ നിന്ന് പിറവിയെടുത്തവരാണ്. നിർമ്മാല്യത്തിലെ നാരായണി, ‘ഒരു ചെറുപുഞ്ചിരി’യിലെ ‘അമ്മാളുക്കുട്ടി’, പ്രണയവും വഞ്ചനയും ഒളിപ്പിച്ച ഉണ്ണിയാർച്ച, അതിജീവനത്തിൻ്റെ പ്രതീകമായ ദയ, എൻ്റെ ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടിയും കുഞ്ഞാത്തോലും, ആൾക്കൂട്ടത്തിൽ തനിയെയിലെ അമ്മുക്കുട്ടി, ചതിക്കപ്പെട്ട
വൈശാലിയും കുഞ്ഞിമാളുവും, ആരണ്യകത്തിലെ അമ്മിണി, സാമൂഹികമായ അനീതികളിൽ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞ പഞ്ചാഗ്നിയിലെ ഇന്ദിര, പരിണയത്തിലെ ഉണ്ണിമായ, നഖക്ഷതങ്ങളിലെ ഗൗരി, തീർഥാടനത്തിലെ വിനോദിനി ആവർത്തനങ്ങളില്ലാത്ത സ്ത്രീ സാഹചര്യങ്ങൾ, അവരുടെ കരുത്ത്, ദൗർബല്യങ്ങൾ. അപ്പുവിന് എപ്പോഴും ഓപ്പോൾ കൂടെ വേണം.
വല്യമ്മയ്ക്കാണെങ്കിൽ അപ്പുവിനെ ഇഷ്ടമേയില്ല. എപ്പോഴും ശകാരമാണ്.
വലിയ പന്തലും നാദസ്വരവും സദ്യയുമൊക്കെയായി ഓപ്പോളുടെ കല്യാണം സ്വപ്നം കാണുന്ന അപ്പു. പക്ഷെ ഇതൊന്നുമില്ലാതെ വലിയ പ്രായവ്യത്യാസമുള്ള മിലിട്ടറിക്കാരൻ ഗോവിന്ദൻ ഓപ്പോളെ കല്യാണം കഴിക്കുന്നു..
അവരോടെപ്പം അപ്പുവിനെയും മാളു കൂടെ കൂട്ടി. അപ്പു അവർക്കിടയിൽ ശല്യമാകുന്നു ഒഴിവാക്കണം എന്നു പറയുന്ന ഭർത്താവിനോട് അവൻ തന്റെ മകനാണെന്ന സത്യം മാളുവിന് തുറന്നു പറയേണ്ടി വരികയാണ്.
81 ൽ എം.ടിയുടെ തിരക്കഥയിൽ Ks സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോൾ എന്ന ചലച്ചിതം. ആ സിനിമ എങ്ങനെ അവസാനിക്കുമെന്നാണ് പ്രേക്ഷകർക്ക് ചിന്തിക്കാനാവുക.
എന്തുപറഞ്ഞാകും കഥാകാരൻ കഥയെ അവസാനിപ്പിച്ചിട്ടുണ്ടാവുക? വീട്ടിൽ നിന്നിറങ്ങിയ മാളുവിനെയും അപ്പുവിനെയും ചെന്നുകണ്ട് ഗോവിന്ദൻ പറയുന്നത് “വരൂ, ഇതാണ് നമ്മുടെ വീട്ടിലേയ്ക്കുള്ള എളുപ്പവഴി” എന്നാണ്. എംടിയുടെ പുരുഷന്മാരും നൈർമ്മല്യവും ബലഹീനതകളുമൊക്കെയുള്ളവരാണ്.
സദയത്തിലെ സത്യനാഥൻ പ്രേക്ഷകന് വിങ്ങുന്ന കാഴ്ചയാകുന്നത് എംടി തിരക്കഥയുടെ ബലം കൊണ്ടാണ്. അല്ലെങ്കിൽ രണ്ടു കൊച്ചു പെൺകുട്ടികളെ കൊന്നിട്ട് പോയ നായകഥപത്രത്തോട് പ്രേക്ഷകർക്ക് സഹതാപം തോന്നുക, അയാളെ തൂക്കി കൊല്ലരുതേ എന്ന് ആഗ്രഹിക്കുക എങ്ങനെയാണ്.
സിബി മലയിലിൻ്റെ സംവിധാനത്തിൽ മോഹൻലാൽ എന്ന പ്രതിഭ കൂടി ചേർന്നപ്പോൾ സത്യനാഥൻ മറക്കാനാകാത്ത കാഴ്ചയായി. ഇരുട്ടിൻ്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധനിൽ പ്രേം നസീർ എന്ന സൂപ്പർതാരം ഉണ്ടായതേയില്ല.
പെരുന്തച്ചനെ അപ്പാടെ നിലനിർത്തിയപ്പോൾ വടക്കൻപാട്ടിലെ വീരനായകൻ ആരോമൽ ചേകവരെ വില്ലനും ചതിയൻ ചന്തുവിനെ നായകനുമാക്കി വടക്കൻ വീരഗാഥയൊരുക്കി. ഇതാണ് എൻ്റെ ചന്തു എന്നായിരുന്നു അപ്പോൾ എംടിയുടെ ആത്മവിശ്വാസം.
വടക്കൻപാട്ടിൻ്റെ ശീലുകൾ പോലും മറന്ന് ചന്തുവായിരിക്കാം ശരിയെന്ന് മലയാളി പ്രേക്ഷകർ തീർത്തും വിശ്വസിസിച്ചുപോയി. നഖക്ഷതങ്ങൾ, ആരണ്യകം, ഋതുഭേദം, വേനൽക്കിനാവുകൾ, കടവ്, എന്ന് സ്വന്തം ജാനകിക്കുട്ടി വരെയുള്ള കമിങ് ഓഫ് ഏജ് ഡ്രാമകളിൽ എംടി ഒരുപക്ഷവും ചേരാതെ കഥാപാത്രങ്ങളെ പ്രേക്ഷകരിലേയ്ക്കിറക്കിവിട്ടു.
ഭരതന് വേണ്ടി എം ടി തിരക്കഥയൊരുക്കിയ വൈശാലിയും താഴ്വാരവും ക്ലാസിക്കുകളായി വാഴ്ത്തപ്പെട്ടു. പുതിയ കാലത്തെ പല സിനിമക്കാരും പാഠപുസ്തകമെന്നാണ് മോഹൻലാൽ നായകനായ താഴ്വാരത്തെ വിശേഷിപ്പിക്കാറുള്ളത്.
വികെ പവിത്രനൊപ്പം ഒരുക്കിയ ‘ഉത്തരം’ മറ്റൊരു ചലച്ചിത്രകാരനും കൈവെക്കാത്ത വഴിയിലൂടെ എംടി സഞ്ചരിച്ചതിൻറെ ഉദാഹരണമാണ്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ തന്നെ വേറിട്ടു നിൽക്കുന്നുണ്ട് ഉത്തരം.
ഇക്കണ്ട ദുർഗ്ഗുണങ്ങളെല്ലാമുണ്ടായിട്ടും തൃഷ്ണയിലെ കൃഷ്ണദാസ് തുലനം നഷ്ടപ്പെടാതെ നിന്നത് താനിങ്ങനെയെല്ലാമാണ് എന്ന കൃഷ്ണദാസിന്റെ, എംടി എന്ന കഥാകാരൻ്റെ തിരിച്ചറിവ് കൊണ്ടാണ്.
അതിൽ മുഴുകിയിരിക്കുന്ന പ്രേക്ഷകനെ തന്നിലേയ്ക്ക് തന്നെ നോക്കാൻ പ്രേരിപ്പിക്കുന്ന തിരിച്ചറിവ്. കേവലം നായികയോ നായകനോ ആയിരുന്നില്ല എംടിയുടെ തിരക്കഥകളിൽ അവതരിച്ച കഥാപാത്രങ്ങളൊന്നും.
പ്രേംനസീർ, സത്യൻ, മധു, കമൽ ഹാസൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിങ്ങനെ എംടിയുടെ നായകനിര നീണ്ടു. സീമ, സലീമ, ഗീത, ജോമോൾ, സുമലത, മോനിഷ, ശോഭന, മഞ്ജു വാര്യർ അങ്ങനെ നായികമാരും.
പ്രേക്ഷകരതൊക്കെ അനുഭവിച്ചു കഴിഞ്ഞു. എംടി കഥാപാത്രങ്ങളെ കാണാനും, നമ്മുടെതെന്നു കണ്ട് അനുഭവിക്കാനും കഴിഞ്ഞതിൽ നമ്മൾ എത്രഭാഗ്യവാന്മാരാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]