
ദില്ലി: യെമനിൽ മരണ ശിക്ഷ വിധിക്കപ്പെട്ട നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ആശ്വാസം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി.
യെമൻ സർക്കാരുമായി തുടർച്ചയായ ഇടപെടലുകൾ നടത്തിയ ഇന്ത്യയിലെയും വിദേശങ്ങളിലെയും വ്യക്തികളെയും സംഘടനകളെയും മതനേതാക്കളെയും ഭരണകൂടങ്ങളേയും കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായ ആർച്ച് ബിഷപ്പ് ആൻഡ്രൂ താഴത്ത് അഭിനന്ദിച്ചു. അക്ഷീണമായ മാനവികതയിൽ ഊന്നിയ ശ്രമങ്ങളാണ് ഈ ഗുരുതരമായ സാഹചര്യത്തിൽ കൂടുതൽ സമയം നേടാനും അതിലൂടെ പ്രതീക്ഷയുടെ പുതിയ കിരണം തെളിയിക്കാനും സഹായിച്ചതെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂ താഴത്ത് പറഞ്ഞു.
ഭാരത കത്തോലിക്ക മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ മാത്യു കോയിക്കലും അഡ്വ ദീപ ജോസഫും നിമിഷ പ്രിയയുടെ കാര്യങ്ങൾ വത്തിക്കാൻ പ്രതിനിധിയുമായി ചർച്ച നടത്തിയിരുന്നു.
ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിപ്പോൾഡോ ജിറെല്ലിയുടെ അഭ്യർത്ഥന മാനിച്ചു വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ഇടപെട്ടതിനും മറ്റ് രാജ്യങ്ങളുമായും നയതന്ത്ര ശ്രമങ്ങൾ നടത്തിയതിനും ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. തുടർന്നും ഇത്തരം ഇടപെടൽ നടത്തുമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് ആറിയിച്ചു.
നിരന്തര സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനും സ്വാതന്ത്ര്യം ലഭിക്കാനുമുള്ള വഴിയൊരുങ്ങുമെന്ന പ്രതീക്ഷയും ആർച്ച് ബിഷപ്പ് പ്രകടിപ്പിച്ചു. കരുണയോടെ നീതിക്ക് വേണ്ടി പ്രാർത്ഥനയും പിന്തുണയും തുടരുമെന്നും ഭാരത കത്തോലിക്ക മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.
ഡോ. മാത്യു കോയിക്കൽ പ്രസ്താവനയിൽ വ്യക്തമാക്കി.
യെമനി പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാൻ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നല്കിയത്.
ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്.
എന്നാൽ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നില്ക്കുകയാണ്. വധശിക്ഷയ്ക്ക് തൽക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാൽ ചർച്ചകൾക്ക് കുറച്ചു സമയം കിട്ടും എന്നത് ആശ്വാസമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]