
തൃശൂർ: വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. അപകട സാധ്യത ഉള്ളവരെ മാറ്റി പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ചെയ്യുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ മന്ത്രി വിളിച്ച കലക്ടർമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിധാരണ പരത്തുന്ന വാർത്തയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുത്. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പ്രളയസാധ്യത ഇപ്പോളില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഴ ശക്തമാവുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിലുണ്ടാവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. കടൽത്തീരങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലെല്ലാം സൂചന ബോർഡുകൾ ഉണ്ടോയെന്നും ജില്ലകളുടെ കളക്ടർമാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കാറ്റ് ആഞ്ഞുവീശാൻ സാധ്യതയുള്ളതിനാൽ പൊതുസ്ഥലങ്ങളിൽ അപകടകരമായ മരച്ചില്ലകൾ ഉണ്ടെങ്കിൽ അത് വെട്ടി മാറ്റണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണം. എൻഡിആർ എഫിന്റെ 9 ടീമുകൾ സംസ്ഥാനത്തുണ്ട്. നിലവിൽ 11 ക്യാമ്പുകളെ സംസ്ഥാനത്തുള്ളു. പക്ഷേ ആവശ്യമുള്ള ഘട്ടങ്ങളിൽ പുതിയ ക്യാമ്പുകൾ ആരംഭിക്കാൻ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്യാമ്പുകളുടെയും തലവനായി ഒരു റവന്യു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മന്ത്രി നിർദേശിച്ചു.
Last Updated Jul 16, 2024, 5:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]