
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമാണെന്ന ആരോപണം പൊളിഞ്ഞു. പരിശോധനയിൽ 22 കാരറ്റ് സ്വർണമാണെന്ന് തെളിഞ്ഞു. ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ.പി. മോഹൻദാസ് ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേസമയം ദേവസ്വത്തെ അപകീർത്തിപ്പെടുത്തിയ മോഹൻദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മേയ് 13ന് വാങ്ങിയ 2 ഗ്രാം സ്വർണ ലോക്കറ്റ് വ്യാജമാണെന്നാരോപിച്ച് മോഹൻദാസ് ദേവസ്വത്തിന് പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ദേവസ്വം തീരുമാനിച്ചു. പരാതിക്കാരനെ ഓഫീസിലേക്ക് ക്ഷണിക്കുകയും പരാതിക്കാരൻ്റെയും ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ സ്വർണ ലോക്കറ്റ് ദേവസ്വം അപ്രൈസർ കെ. ഗോപാലകൃഷ്ണനെ കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ ലോക്കറ്റ് സ്വർണമെന്ന് തെളിഞ്ഞു. തുടർന്ന് പരാതിക്കാരൻ്റെ ആവശ്യപ്രകാരം ഗുരുവായൂരിലെ ഒരു ജ്വല്ലറിയിലും ലോക്കറ്റ് പരിശോധിപ്പിച്ച് സ്വർണമെന്ന് വീണ്ടും ഉറപ്പ് വരുത്തി. പരാതിക്കാരന് ബോധ്യമാകുന്നതിനായി സ്വർണത്തിൻ്റെ ഗുണ പരിശോധന നടത്തുന്ന സർക്കാർ അംഗീകാരമുള്ള കുന്നംകുളത്തെ അമൃത അസൈ ഹാൾമാർക്ക് സെൻ്ററിലും ലോക്കറ്റ് പരിശോധനക്ക് നൽകി. 916 തനി 22 കാരറ്റ് സ്വർണമെന്ന് വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകി.
Read More…
തുടർന്ന് ദേവസ്വം ഓഫീസിലെത്തിയ പരാതിക്കാരൻ മാധ്യമങ്ങൾ മുൻപാകെ തനിക്ക് തെറ്റുപറ്റിയതായി ഏറ്റു പറഞ്ഞു. ഗുരുവായൂർ ദേവസ്വം തനിക്ക് മാപ്പ് തരണമെന്നും തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞു. അതേസമയം ദേവസ്വത്തെ അപകീർത്തിപ്പെടുത്താനും ഭക്തജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാനും ശ്രമിച്ച പരാതിക്കാരൻ്റെ നടപടി അങ്ങേയറ്റം തെറ്റായിപ്പോയെന്ന് ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. സമൂഹമാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പരത്തിയ നടപടികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ദേവസ്വം തീരുമാനം.
Last Updated Jul 16, 2024, 6:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]