
കത്തുന്ന ചൂടില്‍ രാജ്യം നട്ടംതിരിയുമ്പോള്‍ മികച്ച വില്പന വളര്‍ച്ച കൈവരിക്കുന്നതിന്റെ സന്തോഷത്തിലാണ് എയര്‍ കണ്ടീഷണര്‍ നിര്‍മാതാക്കള്‍. രാജ്യത്തെ എയര്‍ കണ്ടീഷണര്‍ വിപണിയുടെ മൂല്യം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകാന്‍ സാധ്യത. നിലവില്‍ 27,500 കോടി രൂപ (3.3 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ളതാണ് രാജ്യത്തെ എസി വിപണി. കാലാവസ്ഥയിലെ മാറ്റങ്ങളും ആളുകളുടെ വരുമാനം കൂടുന്നതുമാണ് എയര്‍ കണ്ടീഷണര്‍ വിപണിയ്ക്ക് കരുത്തു പകരുന്നതെന്ന് രാജ്യത്തെ പ്രമുഖ എസി നിര്‍മാതാക്കളായ ബ്ലൂ സ്റ്റാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇടത്തരം വരുമാനമുള്ളവര്‍ കൂടുതലായി എസി വാങ്ങാന്‍ തയാറാകുന്നത് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഓരോ വര്‍ഷവും കൂടി വരുന്ന അന്തരീക്ഷ താപം കാരണം പാര്‍പ്പിട സമുച്ചയങ്ങളും, വാണിജ്യ കെട്ടിടങ്ങളും എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുന്നത് വര്‍ധിച്ചുവരികയാണ്.
കഴിഞ്ഞ വേനൽക്കാലത്ത് എയർ കണ്ടീഷണറുകൾക്കുള്ള ഡിമാൻഡിലുണ്ടായത് റെക്കോർഡ് വർധനയാണ്. എയർ കണ്ടീഷണറുകളുടെ വിൽപ്പന മെയ് മാസത്തിൽ ഇരട്ടിയായാണ് വർദ്ധിച്ചത്. ഉയർന്ന ഡിമാന്റ് കാരണം ഇത്തരം എസികൾക്ക് വിപണിയിൽ വലിയ ക്ഷാമം നേരിടുന്നതിനാൽ നിർമ്മാതാക്കളും ബുദ്ധിമുട്ടുകയാണ്. ഇതിനുപുറമെ, വിൽപന വർധിച്ചതോടെ എസികൾ കൃത്യസമയത്ത് സ്ഥാപിക്കുന്നതിനും നിർമ്മാതാക്കൾ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യത്തെ പ്രധാന എസി നിർമാതാക്കളായ വോൾട്ടാസ്, എൽജി, ഡെയ്കിൻ, പാനസോണിക്, ബ്ലൂ സ്റ്റാർ എന്നിവ മെയ് മാസത്തിൽ റെക്കോർഡ് വിൽപ്പനയാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കമ്പനികളുടെ വിൽപ്പനയിൽ മൊത്തത്തിൽ 30 മുതൽ 35 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിലെ ബ്ലൂ സ്റ്റാറിന്റെ വരുമാനം 21.4 ശതമാനം വർധിച്ച് 9,685.36 കോടി രൂപയായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Last Updated Jul 16, 2024, 2:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]