

First Published Jul 15, 2024, 1:20 PM IST
നമ്മുടെ ബാഗിൽ നമ്മൾ സ്ഥിരമായി കൊണ്ടുനടക്കാറുള്ള ചില സാധനങ്ങളൊക്കെ കാണും. അത് ചിലപ്പോൾ ലിപ്സ്റ്റിക് പോലെയുള്ള മേക്കപ്പ് സാധനങ്ങളാവാം. ചിലപ്പോൾ ചില മരുന്നുകളാവാം. കർച്ചീഫ് ആയിരിക്കാം. കുപ്പിയിൽ വെള്ളമായിരിക്കാം. അങ്ങനെ പല സാധ്യതകളും ഉണ്ട്. എന്നാൽ, സ്വീഡനിൽ നിന്നുള്ള ഈ യുവതിയുടെ ബാഗിൽ എല്ലാ സമയത്തും ഉണ്ടായിരിക്കുന്ന സാധനം ഇതൊന്നുമല്ല, ബ്രഡ്ഡാണ്. നെറ്റി ചുളിക്കാൻ വരട്ടെ, സംഗതി സത്യമാണ്.
രാത്രി പുറത്ത് പോകുന്നതിന്റെ പ്രധാന ആകർഷണം തന്നെ പുറത്ത് നിന്നുള്ള വെറൈറ്റി ഫുഡ്ഡാണല്ലേ? എന്നാൽ, രാത്രിയായാലും ശരി പകലായാലും ശരി. ഷോപ്പിംഗായാലും ശരി, ബാറിലേക്കായാലും ശരി എവ്ലിൻ ബർട്ടൺ എന്ന 22 -കാരി തന്റെ ബാഗിൽ ബ്രഡ്ഡ് കരുതിയിരിക്കും. അതിനാൽ തന്നെ പലപ്പോഴും ബാറുകളുടെ വാതിൽക്കൽ വച്ച് അവളെ തടയുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അതുപോലെ പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കാത്ത സ്ഥലങ്ങളിലും അവൾ ആകെ പെട്ടു പോകാറുണ്ട്. എന്നാൽ, അവൾക്ക് പറയാനുള്ളത് കേട്ട് കഴിയുമ്പോൾ അവർ ശാന്തരാവുകയും അവൾ കൊണ്ടുവന്ന ബ്രഡ്ഡ് കഴിക്കാൻ അനുവദിക്കുകയും ചെയ്യും.
മക് ഡൊണാൾഡ്സിൽ പോലും താൻ കൊണ്ടുപോകുന്ന ബ്രഡ്ഡ് വച്ചാണ് അവൾ ബർഗറുണ്ടാക്കി കഴിക്കുന്നത്. എന്താണ് ഇതിനൊക്കെ കാരണം എന്നല്ലേ? അവൾക്ക് ഗ്ലൂട്ടൺ അലർജിയാണ്. ചെറിയ അലർജിയൊന്നുമല്ല, അല്പം ഗുരുതരം തന്നെ. അവ കലരാത്ത ബ്രഡ്ഡാണ് എപ്പോഴും അവൾ തന്റെ ബാഗിൽ കരുതുന്നത്. തന്റെ ജീവനുമേലുള്ള അവളുടെ കരുതലാണ് ആ ബ്രഡ്ഡ് എന്നർത്ഥം.
എന്താണ് ഗ്ലൂട്ടൺ?
ഗോതമ്പ് പോലുള്ള ധാന്യങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടൺ. ചില ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍ കൂട്ടുന്നതിനായി ഭാഗമായി ഗ്ലൂട്ടൻ ചേർക്കാറുണ്ട്. അഥവാ പ്രോട്ടീൻ റിച്ച് എന്ന പേരിൽ വരുന്ന ഭക്ഷ്യവസ്തുക്കളിലും ഗ്ലൂട്ടൻ ഉണ്ടെന്നർത്ഥം. പ്രോട്ടീനുവേണ്ടി കൂട്ടിച്ചേർക്കുന്ന ഗ്ലൂട്ടൺ പിന്നെ എങ്ങിനെയാണ് അലർജിയുണ്ടാക്കുന്നത്?
ഗ്ലൂട്ടൻ എല്ലാവർക്കും പ്രശ്നക്കാരനല്ല, ചിലരിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരക്കാരിൽ മറ്റു പ്രോട്ടീനുകളിൽ നിന്നും വ്യത്യസ്ഥമായി ഗ്ലൂട്ടൺ ദഹിക്കാതെ കിടക്കും. ദഹനപ്രക്രിയയിൽ തടസ്സം വരുന്നതോടെ അസ്വസ്ഥതൾ തുടങ്ങും. പല രീതിലായിരിക്കും ആളുകളില്‍ അലർജിയുണ്ടാവുക. വയറു വേദന, ചൊറിച്ചിൽ, ഗ്യാസ്, വയറിളക്കം ഇങ്ങിനെ ഏതുമാകാം ലക്ഷണം.
തുടർച്ചയായി ദഹന പ്രക്രിയയിൽ തടസ്സം വരുന്നതോടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. ഈ അവസ്ഥയെ സീലിയാക് ഡിസീസ് എന്നാണ് പറയുന്നത്. ഒരു ദിവസത്തില്‍ തന്നെ രണ്ടും മൂന്നും വട്ടം വയറിളകുക. അമിതമായി ക്ഷീണം തോന്നുക വയറിൽ ഗ്യാസ് നിറയുക ഇതെല്ലാം സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളാണ്. ഇവ ആവർത്തിക്കുന്നെങ്കിൽ ചികിത്സ തേടണം. അല്ലങ്കിൽ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കും.
കുട്ടികളിൽ സീലിയാക് ഡിസീസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. പല്ലുകൾ നശിക്കാം, പ്രായത്തിനൊത്ത തൂക്കം ഉണ്ടാവാതിരിക്കാം, വളർച്ച കുറവ് അങ്ങനെ മാനസിക അസ്വസ്ഥകൾ വരേയും ഉണ്ടായേക്കാം. ഗോതമ്പിൽ മാത്രമല്ല, ചില ഐസ്ക്രീമുകൾ, മിഠായികൾ, ടിന്നുകളിൽ ലഭിക്കുന്ന മാംസങ്ങൾ, പാസ്ത. തൈര് എന്നിവയിൽ എല്ലാം ഗ്ലൂട്ടൺ സാന്നിധ്യമുണ്ട്. ഇത്തരം അലർജിയുള്ളവർ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്ലൂട്ടൺ അടങ്ങാത്ത ഭക്ഷണങ്ങൾ നിലവിൽ ലഭ്യമാണ്.
Last Updated Jul 15, 2024, 2:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]