
ദുരിതപ്പെയ്ത്തിൽ കലി തുള്ളി കടൽ, വീടും റോഡും വെള്ളത്തിൽ; മഴക്കാലത്ത് അഭയം തേടി ചെല്ലാനം, കണ്ണമാലി സ്വദേശികൾ
കൊച്ചി∙ ദുരിതപ്പെയ്ത്തും കലി തുള്ളുന്ന കടലും ചേർന്ന് സംരക്ഷണ ഭിത്തികളും വീടും റോഡുമെല്ലാം വെള്ളത്തിലാക്കുമ്പോൾ അഭയം തേടി പരക്കം പാഞ്ഞ് ജനങ്ങൾ. ചെല്ലാനം, കണ്ണമാലി മേഖലയിലാണ് കടലാക്രമണം രൂക്ഷമായതോടെ ബന്ധുവീടുകളിലും വാടകവീടുകളിലുമായി ജനങ്ങൾ അഭയം തേടുന്നത്.
കാലങ്ങളായി പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാവാതെ വരുന്നതോടെ എല്ലാ മഴക്കാലത്തും ഈ ദുരിതത്തിലാണ് പുത്തന്‍തോട് കടപ്പുറം മുതൽ ഫോർട്ട്കൊച്ചി വരെയുള്ള മേഖലകൾ. മഴക്കാലത്തിനു മുമ്പ് താൽക്കാലിക ജോലികൾ പോലും പൂർത്തിയാകാത്തതാണ് ഇത്തവണ ദുരിതം കൂട്ടിയത് എന്ന് ജനങ്ങൾ പറയുന്നു.
നിലവിൽ ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരയെുള്ള 7.3 കിലോമീറ്റർ ദൂരത്തില്‍ കോൺക്രീറ്റ് കൊണ്ടുള്ള ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഈ മേഖല കടലാക്രമണത്തിൽ നിന്ന് ഇപ്പോൾ സുരക്ഷിതമാണ്.
എന്നാൽ ഇവിടെ നിന്ന് ഫോർട്ട്കൊച്ചി ഭാഗത്തേക്കുള്ള കൈതവേലി വരെ കടൽ എല്ലാം കൊണ്ടുപോകുന്ന സ്ഥിതയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം വേലിയേറ്റത്തിൽ 500ലേേറെ വീടുകളിലാണ് വെള്ളം കയറിയതെങ്കിൽ ഇന്ന് 900 വീടുകളിലെങ്കിലും വെള്ളം കയറിയെന്ന് ചെല്ലാനം ജനകീയവേദി കൺവീനർ വി.ടി.സെബാസ്റ്റ്യൻ പറയുന്നു. കടൽവെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയതോടെ പല വീടുകളുടെയും പുറംഭിത്തികൾ തകർന്നു.
കുടിവെള്ള സ്രോതസുകൾ മലിനമാകുകയും പകർച്ചവ്യാധികൾ വ്യാപകമാകുകയും ചെയ്യുന്നത് ഇവിടെ പതിവാണ്. ശുചിമുറികൾ പോലും ഉപയോഗശൂന്യമായ അവസ്ഥയിലാണ് പല വീടുകളുടേയും.
കണ്ണമാലി മുതൽ ചെറിയകടവ് വരെ ഏകദേശം മൂന്ന് കിലോമീറ്ററോളമാണ് കടലാക്രമണ ഭീഷണി ഏറ്റവുമധികമുള്ളത്. കണ്ണമാലി, വാട്ടർടാങ്ക്, പൊലീസ് സ്റ്റേഷൻ, കമ്പനിപ്പടി, ചെറിയകടവ്, ഡിവൈൻ നഗർ, സിഎംഎസ്, കാട്ടിപ്പറമ്പ്, കൈതവേലി ഭാഗങ്ങളാണ് രൂക്ഷമായ കടൽക്ഷോഭം ഏറ്റുവാങ്ങുന്നത്. കണ്ണമാലി മേഖലകളിൽ കടലാക്രമണം രൂക്ഷമാണെന്നും ആവശ്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കാട്ടി നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്താണ് ദീർഘകാല നടപടിയെന്നും താൽക്കാലികമായി എന്തുചെയ്യാമെന്നും ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സർക്കാരിനോട് ആരായുകയും ചെയ്തു. ജിയോബാഗുകള്‍ സ്ഥാപിക്കുകയാണ് പ്രതിവിധിയെന്നും ഇതിനു 2 മാസത്തെ സമയം ആവശ്യമാണെന്നുമായിരുന്നു സർക്കാർ അറിയിച്ചത്. ഇത് കോടതിയുടെ വിമര്‍ശനവും ഏറ്റുവാങ്ങി.
2 മാസം കഴിയുമ്പോഴേക്കും കാലാവസ്ഥ മെച്ചപ്പെടുമല്ലോ എന്നും ഇത്തരത്തിലാണോ പ്രതിവിധി കണ്ടെത്തുന്നതും കോടതി ആരായുകയും ചെയ്തു. തുടർന്ന് കടലാക്രമണ പ്രതിരോധ നടപടികളിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇറിഗേഷൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹർജിക്കാരുടെ അഭിഭാഷകർ എന്നിവരുടെ യോഗം ചേരണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് 1.25 കോടി രൂപ അനുവദിച്ചു. ചെറിയ തോതിൽ ജിയോബാഗുകൾ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു.
എന്നാൽ ഈ തടസങ്ങളുടെയെല്ലാം ഏറെ മുകളില്‍ കൂടിയാണ് തിരമാലകള ആർത്തലച്ച് ആഞ്ഞടിക്കുന്നതും വീടും റോഡുമെല്ലാം വെള്ളത്തിൽ മുക്കുന്നതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]