
‘ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂർ വിധിയെഴുതും; എൽഡിഎഫ് വോട്ടുതേടുന്നത് മതനിരപേക്ഷ ഉളളടക്കവുമായി’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ വർഗീയശക്തികൾക്കെതിരെ മതനിരപേക്ഷ ഉള്ളടക്കവുമായാണ് എൽഡിഎഫ് നിലമ്പൂരിൽ വോട്ടുതേടുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുസ്ലിം രാജ്യവും ലോകവുമെന്ന അപകടകരമായ മുദ്രാവാക്യമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. മുസ്ലിം ലീഗിന്റെ പഴയകാല നേതൃത്വം ജമാഅത്തെ ബന്ധം ശക്തമായി എതിർത്തിരുന്നു. ഇക്കാര്യം ഇന്നത്തെ ലീഗ് നേതാക്കൾ മറക്കരുത്. ജമാഅത്തെ–യുഡിഎഫ് സഖ്യവും ഹിന്ദുത്വ അജൻഡയുമായി സംഘപരിവാറും ചേർന്ന് നിലമ്പൂരിലെ പ്രചാരണം വർഗീയവൽക്കരിച്ചു. ജമാഅത്തെയുമായി ഇടതുപക്ഷത്തിന് ഇന്നലെ ബന്ധമുണ്ടായിരുന്നില്ല. ഇന്നും നാളെയും ഉണ്ടാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘മതരാഷ്ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനം വിധിയെഴുതും. നിലമ്പൂരിൽ യുഡിഎഫുണ്ടാക്കിയ ഈ കൂട്ടുകെട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. വരാനിരിക്കുന്ന തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണിത്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നത് വിവരക്കേടാണ്. ഈ അവസരവാദ–വിചിത്ര നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്നത് സതീശൻ വ്യക്തമാക്കണം. എഐസിസി ഇതിനെതിരാണ്. അതിനാലാണ് കെ.സി.വേണുഗോപാൽ ഈ സഖ്യത്തെപ്പറ്റി മിണ്ടാതിരിക്കുന്നത്. പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് ഞങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും അവർ പ്രതികരിച്ചില്ല’’ – ഗോവിന്ദൻ പറഞ്ഞു.
‘‘ജമാഅത്തെയുടെ വെൽഫെയർ പാർട്ടിയെ യുഡിഎഫിൽ അസോഷ്യേറ്റ് അംഗമാക്കാമെന്ന ധാരണയിലാണ് ഈ സഖ്യം. സമൂഹത്തിൽ വർഗീയധ്രുവീകരണത്തിലേക്കു നയിക്കുന്നതാണിത്. ഇത് ഭൂരിപക്ഷ വർഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര–ജനാധിപത്യ ചിന്താഗതിക്കാർക്കൊപ്പം യഥാർഥ മത വിശ്വാസികളും ഈ വർഗീയ–തീവ്രവാദ സഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ് നിലമ്പൂരിലെ പ്രതീക്ഷ’’ – ഗോവിന്ദൻ പറഞ്ഞു.