

First Published Jun 15, 2024, 7:56 PM IST
ബിഗ് ബോസ് മലയാളം ആറ് അന്തിമ ഘട്ടത്തിലാണ്. വിജയ്യെ പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഒട്ടനവധി നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായായ ഷോ ആണ് ഇത്തവണത്തേത്. താളം മന്ദഗതിയിലായിരുന്ന ഒരു ഘട്ടത്തില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രികളായിരുന്നു ദിശ മാറ്റിയത്. ബിഗ് ബോസില്‍ ഇത്തവണ എത്തിയ വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ബിഗ് ബോസിലേക്ക് പ്രേക്ഷകരെ വീണ്ടുമടിപ്പിച്ചത് വൈല്‍ഡ് കാര്‍ഡ് എൻട്രികളാണ് എന്നതില്‍ അതിശയോക്തിയില്ല. ഗെയ്മുകള് മാറ്റിമറിച്ച് പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കിയവരാണ് വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍.
അവര്‍ ആറു പേര്
ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ആറ് പേര് ഒരു ദിവസം എത്തുന്നത്. നേരത്തെ മൂന്ന് പേരൊക്കെ ഒന്നിച്ച് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിട്ടുണ്ട്. ഫിറോസ്, സജ്ന, മിഷേല്‍ എന്നിവരാണ് വൈല്‍ഡ് കാര്‍ഡ് എൻട്രി മത്സരാര്‍ഥികളായി ഒറ്റ ദിവസം എത്തിയത്. മൂന്നാം സീസണിലായിരുന്നു അത്. ഇത്തവണ പക്ഷേ അതുക്കും മേലെയായിരുന്നു. ഷോയിലേക്ക് ആറു പേരാണ് ഒരുമിച്ച് വന്നത് എന്നത് പേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു, പൂജ, സായ് കൃഷ്ണൻ, നന്ദന, അഭിഷേക് ശ്രീകുമാര്‍, സിബിൻ, അഭിഷേക് കെ എന്നിവരായിരുന്നു അവര്‍.
ഗെയിം മാറി, താളം വീണ്ടെടുത്തു
ബിഗ് ബോസ് വീണ്ടും സജീവമായ ദിവസങ്ങളായിരുന്നു പിന്നീട്. പുറത്ത് നിന്ന് ബിഗ് ബോസ് ഷോ കണ്ടവരെന്ന ആനുകൂല്യം പുതുതായി എത്തിയവര്ക്കുണ്ടായിരുന്നു. ആരെയാണ് ടാര്‍ജറ്റ് വയ്ക്കുന്നത്, ഇഷ്ടം ആരെയൊക്കെയാണ് എന്ന് വ്യക്തമാക്കിയാണ് അവര്‍ വീട്ടിലേക്കെത്തിയത്. അതിന് ഒരു ഗെയിമും അവര്‍ക്ക് ഷോയുടെ അവതാരകൻ മോഹൻലാല്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരില്‍ പലരും മനസില്‍ കരുതിയത് തന്നെയാണ് ആറു പേരില്‍ മിക്കവര്‍ക്കും എന്നത് ഷോയുടെ ട്രെൻഡ് മനസിലാക്കാനും സഹായകരമായി. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആറ് സജീവമാകുന്നതാണ് പിന്നീട് കണ്ടത്. ഇഷ്ടമില്ലാത്തവര്‍ക്കെതിരെ വാക് ശരങ്ങള്‍ തൊടുത്ത വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍ കളംനിറഞ്ഞതോടെ സ്ട്രാറ്റജികളാല് ഷോയും ഉണര്‍ന്നു.
പവര്‍ റൂമും വൻ ട്വിസ്റ്റും
ഇത്തവണത്തെ ബിഗ് ബോസ് മലയാളം ഷോയുടെ പ്രത്യേകതയായിരുന്നു പവര്‍ റൂം എന്നത്. ബിഗ് ബോസിന്റെ സര്വാധികാരികളാണ് പവര്‍ ടീം അംഗങ്ങള്‍. പുതിയ ഒരു പ്രത്യേകതയായതിനാല്‍ മത്സരാര്‍ഥികള്‍ തുടക്കത്തില്‍ ആശയക്കുഴപ്പത്തിലായിരുന്നു. സിബിനും പവര്‍ റൂമിലേക്ക് എത്തുന്നതോടെയാണ് ഷോയില്‍ അക്കാര്യത്തില്‍ വ്യക്തതയുണ്ടായത്. പവര്‍ അധികാരം മത്സാര്‍ഥികള്‍ പ്രയോഗിച്ചു തുടങ്ങുന്നത് പ്രേക്ഷകര്‍ കണ്ടു. സിബിനടക്കം വീട്ടിലേക്ക് എത്തിയ ആറ് വൈല്‍ഡ് കാര്‍ഡ് എൻട്രികളും ശക്തരായ മത്സരാര്‍ഥികളായി. നിലവിലുണ്ടായിരുന്നു മത്സരാര്ഥികളുടെയത്ര ജനപ്രീതി തന്നെ വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍ക്കും ലഭിച്ചുവെന്നത് അപൂര്‍വതയായിരുന്നു. എന്നാല്‍ വമ്പൻ ഒരു ട്വിസ്റ്റും ഷോയെ കാത്തിരിപ്പുണ്ടായിരുന്നു. ജാസ്മിന് നേരെയുള്ള ഒരു അശ്ലീല ആംഗ്യത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട സിബിൻ തനിക്ക് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ആരോഗ്യപരമായ അവസ്ഥയെ തുടര്‍ന്ന് സിബിൻ പുറത്തുപോകുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് അകത്തും പുറത്തും ചര്‍ച്ചയായി.
ഫൈനലില്‍ നേരിട്ടെത്തിയ അഭിഷേക്
ആരോഗ്യപ്രശ്നത്താല് പൂജയും പുറത്തുപോയിരുന്നു. വോട്ടിംഗിന്റെ പേരില്‍ അഭിഷേക് കെയും ഷോയില്‍ നിന്ന് പുറത്തായി. അവസാനത്തോട് അടുത്തപ്പോള്‍ നന്ദനയും വോട്ടിംഗിലൂടെ ഷോയില്‍ നിന്ന് പുറത്തുപോയപ്പോള്‍ സായ് കൃഷ്ണ ടാസ്കില് പണപ്പെട്ടി സ്വീകരിച്ച് പുറത്തായി. അതിനിടയില്‍ അഭിഷേക് ശ്രീകുമാര്‍ പ്രത്യേക ടാസ്കുകളിലൂടെ ഒന്നാം സ്ഥാനത്ത് എത്തി ഫൈനലില്‍ നേരിട്ട് കയറുകയും ചെയ്തു. ആദ്യമായാണ് ബിഗ് ബോസ് ഫൈനലില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രി എത്തുന്നതെന്നതിനാല്‍ ചരിത്രവുമാണ്. വൈല്‍ഡ് കാര്‍ഡ് എൻടികളില് നേരത്തെ ഫൈനലില്‍ എത്തിയത് റിയാസ് സലിം മാത്രമാണ്. എന്തായാലും ഇത്തവണ സീസണ് ഓര്‍മിക്കപ്പെടുക വൈല്‍ഡ് കാര്‍ഡ് എൻട്രികളുടെ പേരിലും കൂടിയായിരിക്കും.
Last Updated Jun 15, 2024, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]