
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി ആദ്യ ദിവസമായ വെള്ളിയാഴ്ച രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്തി. ആദ്യ വിമാനത്തിന്റെ ഫ്ളോഗ് ഓഫ് കർമ്മം കേന്ദ്ര ന്യൂനപക്ഷകാര്യ സഹ മന്ത്രി ജോർജ്ജ് കൂര്യൻ നിർവ്വഹിച്ചു. വൈകുന്നേരം 5.55 ന് പുറപ്പെട്ട എസ് വി 3067 നമ്പർ ആദ്യ വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളുമാണ് യാത്രയായത്.
സൗദി സമയം രാത്രി 9.20 ന് വിമാനം ജിദ്ധയിലെത്തി. രണ്ടാമത്തെ വിമാനം രാത്രി 8.20 ന് പുറപ്പെട്ടു. ഈ വിമാനത്തിൽ 146 പുരുഷന്മാരും 140 സ്ത്രീകളുമാണ് യാത്രയായത്. വെള്ളിയാഴ്ച പുറപ്പെട്ട വിമാനങ്ങളിലേക്കുള്ള തീർത്ഥാടകർ വ്യാഴാഴ്ച രാവിലേയും വൈകുന്നേരവുമായി ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു. ഹജ്ജ് ക്യാമ്പിലെത്തിയ ആദ്യ സംഘത്തിന് ഹജ്ജ് കമ്മിറ്റിയുടേയും സിയാലിന്റെയും നേതൃത്വത്തിൽ സ്നേഹോഷ്മള സ്വീകരണമാണ് നൽകിയത്.
എയർപോർട്ടിലെത്തി ലഗേജ് കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റിയൊരുക്കിയ പ്രത്യേക വാഹനത്തിലാണ് തീർത്ഥാടകരെ ക്യാമ്പിലെത്തിച്ചത്. തുടർന്ന് പാസ്പോർട്ട്, ബോർഡിങ്ങ് പാസ് ഉൾപ്പെടെയുള്ള രേഖകൾ ഹജ്ജ് സെൽ ഓഫീസർമാർ മുഖേന തീർത്ഥാടകർക്കു കൈമാറി. ഓരോ രേഖകളുടേയും ഉപയോഗവും പരിശോധനക്കായി കാണിക്കേണ്ട സ്ഥലവും രീതിയും തീർത്ഥാടകർക്ക് പ്രത്യേകം അറിയിച്ച് നൽകുകയും ചെയ്തിരുന്നു.
എയർപോർട്ടിലേക്ക് പുറപ്പെുടും മുമ്പ് യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗിക നിർദ്ദേശങ്ങൾ ഹജ്ജ് സെൽ ഓഫീസർ വൈ. ഷമീർഖാൻ നൽകി. ഉംറ കർമ്മത്തിനായി ഇഹ്റാം ചെയ്ത ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ആദ്യ വിമാനത്തിലേക്കുള്ള തീർത്ഥാടകർ ക്യാമ്പിൽ നിന്നും എയർപോർട്ടിലേക്ക് തിരിച്ചത്. തീർത്ഥാടകരെ സൗദി എയർലൈൻസ് അധികൃതർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ആദ്യ സംഘത്തോടൊപ്പം സേവനത്തിനായി എറണാകുളം റൂറൽ എടത്തല പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ പി എം ത്വൽഹത്താണ് യാത്രയായത്.
ഹജ്ജ് ക്യാമ്പിൽ തീർത്ഥാടർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുന്നതിന് ക്യാമ്പ് വോളണ്ടിയർമാർ സദാസജ്ജരാണ്. എയർപോർട്ടിൽ ലഗേജ് കൈകാര്യത്തിനും റെയിൽവേ സ്റ്റേഷനിലും വോളണ്ടിയർമാരുടെ സേവനം ഉണ്ട്. ആദ്യ വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മെമ്പർമാരായ അഡ്വ. പി. മൊയ്തീൻ കുട്ടി, എം.എസ് അനസ്, നൂർ മുഹമ്മദ് നൂർഷ, അഷ്കർ കോറാട്, മുഹമ്മദ് റാഫി, ഷംസുദ്ധീ അരിഞ്ചിറ, മുഹമ്മദ് സക്കീർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസ് ഐ.എ.എസ്, അസി. സെക്രട്ടറി ജാഫർ കെ.കക്കൂത്ത്, ഹജ്ജ് സെൽ ഓഫീസർ വൈ. ഷമീർഖാൻ, പി.കെ ഷഫീഖ്, ക്യാമ്പ് അസിസ്റ്റന്റ് ടി.കെ സലീം, സിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
കൊച്ചിയിൽ നിന്നും ശനിയാഴ്ച രാത്രി 8.40 ന് പുറപ്പെടുന്ന വിമാനത്തിൽ മുഴുവനായും വനിതാ തീർത്ഥാകരാണ് പുറപ്പെടുക. കോഴിക്കോട് നിന്നും വെള്ളിയാഴ്ച രണ്ട് വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. പുലർച്ചെ 12.36 ന് പുറപ്പെട്ട വിമാനത്തിൽ 86 പുരുഷന്മാരും 85 സ്ത്രീകളും രാവിലെ 7.34 ന് പുറപ്പെട്ട വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളുമാണ് യാത്രയായത്. ശനിയാഴ്ച പുലർച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സർവ്വീസ്. കണ്ണൂരിൽ നിന്നും ശനിയാഴ്ച രാവിലെ 8.5 ന് പുറപ്പെടുന്ന വിമാനത്തിൽ 168 തീർത്ഥാടകരാണ് യാത്രയാവുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]